കാസര്‍കോട്: ഉപ്പളയില്‍ പൊതുസ്ഥലത്ത് പാന്‍മസാല വില്‍പന നടത്തിയ യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സിംഗപൂര്‍ സ്വദേശി ശ്രീകാന്ത്(29) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ എസ്‌ഐ അര്‍ജുന്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 1008 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസ് വലിയ പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റുമായി നില്‍ക്കുന്ന യുവാവിനെ കണ്ടത്. പൊലീസിനെ കണ്ടുപരുങ്ങിനിന്ന യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് ബക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 1008 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റുചെയ്ത് നോട്ടീസ് നല്‍കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജിത്ത്, സുധാകര എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







