കണ്ണൂർ:ആറളം ഫാമില്‍ കാട്ടാന വനംവകുപ്പിന്റെ വാഹനം മറിച്ചിട്ടു. അഞ്ച് ജീവനക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് (ശനി) പുലര്‍ച്ചെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സ്ഥിരം അക്രമിയായ മോഴ ആനയാണ് പരാക്രമം നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അനീഷ് എന്ന യുവാവ് കൊല്ലപ്പെട്ടത് ഈ ആനയുടെ അക്രമത്തിലാണ്. അന്ന് അനീഷിന്റെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആറളത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 15 ജീവന്‍ നഷ്ടമായപ്പോള്‍ കൂടുതല്‍ സംഭവങ്ങളില്‍ കൊലയാളിയായത് കെ.എം-1 (കണ്ണൂര്‍ മോഴ -1) എന്ന ആനയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറളം ഫാം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിരവധി പേരുടെ മരണത്തിന് കാരണമായത് ഈ ആനയുടെ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലാണ്. ഇതിനിടയിലാണ് വീണ്ടും മണ്ണൂർ , മോഴ ആനയുടെ ആക്രമണമുണ്ടായത്. എന്നാല്‍ ഈ ആന മനുഷ്യര്‍ക്കെതിരെ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന നിലപാടാണ് വനംവകുപ്പ് കോടതിയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് ആനയെ നിരന്തരം നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.








