വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം; മരിച്ചവരുടെ എണ്ണം 920 ആയി, അടിയന്തിര സഹായവുമായി ഇന്ത്യ

കാരക്കാസ്: വെനിസ്വേലയിലെ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 920 ആയി ഉയർന്നുവെന്ന് ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏകദേശം 3,000 പേർക്ക് പരിക്കേറ്റു. ഭൂകമ്പങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രവിശ്യയായ ലാ ഗ്വൈറയെ സൈനികവൽക്കരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സ്ഥലങ്ങളിലും ഇനിയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുപോലുമില്ല. ലാഗ്വയ്‌റയിൽ 250 ലേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ നിലംപൊത്തിയത്. പത്തുനിലയുള്ള ഹോട്ടലടക്കം തകർന്നടിഞ്ഞു.
ലാറ്റിനമേരിക്കയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഇരട്ട ഭൂകമ്പങ്ങളിലൊന്നാണ് ബുധനാഴ്‌ച വൈകുന്നേരത്തോടെ നടന്നത്. 7.2, 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. കാരക്കാസിന് പടിഞ്ഞാറ് 160 കിലോമീറ്റർ (100 മൈൽ) അകലെയാണ് ചരിത്രത്തെ നടുക്കിയ ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ 10,000 ത്തിലധികം മരണങ്ങൾ പ്രവചിച്ചു. അഗ്നിശമന സേനാംഗങ്ങൾ, പൊലീസ് സിവിൽ പ്രൊട്ടക്ഷൻ, സൈന്യം തുടങ്ങിയ അധികാരികൾ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അമേരിക്ക 15 കോടി ഡോളറിന്റെ സഹായം വെനസ്വേലയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിൽ വിറങ്ങലിച്ച വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യയും രംഗത്തെത്തി. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ പദ്ധതി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page