കുമ്പള: ഓടകളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ആരോഗ്യവകുപ്പും, ഗ്രാമപഞ്ചായത്തും,എൻഫോഴ്സ്മെന്റ് സ്ക്വാഡും,നാട്ടുകാരും, സന്നദ്ധ സംഘടനകളുമൊക്കെ നടപടി കടുപ്പിക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സാമൂഹിക വിരുദ്ധ വിളയാട്ടം തുടരുന്നു.
കുമ്പള ദേശീയപാതയിലെ ദേവീ നഗറിൽ ഓവു ചാലിലേക്ക് വലിച്ചെറിഞ്ഞ ഭക്ഷണവശിഷ്ടങ്ങൾ മുഴുവനും ദേശീയപാത സർവീസ് റോഡിലായി . പ്ലാസ്റ്റിക് പ്ലെയിറ്റുകൾ അടക്കമുള്ള ഭക്ഷണാവശിഷ്ടം സർവീസ് റോഡിൽ ചി തറിക്കിടക്കുന്നു. രാത്രിയുടെ മറവിൽ ഇത്തരത്തിൽ കുറ്റിക്കാടുകളിലേക്കും, ജലാശയങ്ങളിലേക്കും,കടൽതീരത്തേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിത്യസംഭവവുമായി മാറിയിട്ടുണ്ട്.
വീടുകളിലെ വിവാഹം പോലുള്ള ആഘോഷ പരിപാടികളിലെ മാലിന്യം കളയാമെന്ന പേരിൽ വീട്ടുടമസ്ഥരിൽ നിന്ന് പൈസ വാങ്ങി മാലിന്യങ്ങൾ വാഹനങ്ങളിലാക്കി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്.ഇത് പിടികൂടാൻ അധികൃതർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇത്തരം സംഘങ്ങളാണ് കുമ്പള ദേവീനഗറിലും മാലിന്യം വലിച്ചെറിഞ്ഞ തെന്ന് നാട്ടുകാർ സംശയിക്കുന്നു.
ഏതാനും ദിവസം മുമ്പാണ് മൊഗ്രാൽ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്ലബ്ബ് പ്രവർത്തകർ സംഘടിച്ച് പുഴയോരം ശുചീകരിച്ച് പ്രദേശത്ത് സിസിടിവി സ്ഥാപിച്ചത്.കുമ്പള ദേവീനഗറിൽ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടുപിടിക്കാൻ ബന്ധപ്പെട്ടവർ സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു .







