നീറ്റ് പുനഃപരീക്ഷ: ജീവനൊടുക്കിയ പള്ളിക്കര സ്വദേശിനിയുടെ സഹോദരന്‍ മംഗ്‌ളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് തിരിച്ചത് ഇന്നലെ

കാസര്‍കോട്: നീറ്റ് പുനഃപരീക്ഷാ പരിശീലനത്തിനിടയില്‍ ജീവനൊടുക്കിയ ബേക്കല്‍,പള്ളിക്കര, മുക്കൂട് സ്വദേശിനിയുടെ സഹോദരന്‍ മംഗ്‌ളൂരുവിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍. മുക്കൂടിലെ മഹേഷിന്റെ മകന്‍ അര്‍ജുന്‍ മഹേഷ് (24) ആണ് ജീവനൊടുക്കിയത്. ഇന്ന് (തിങ്കള്‍) ഉച്ചയോടെ ബജ്‌പെ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മറവൂര്‍ എന്ന സ്ഥലത്തെ ഒരു ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അര്‍ജുന്‍ മഹേഷിന്റെ സഹോദരി ഐജ ആര്‍ മഹേഷിനെ ജൂണ്‍ ആദ്യം പാലായിലെ ഒരു ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ താഴെയിറക്കി പാലാ , അരുണാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജൂണ്‍ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കത്തിനിടയിലാണ് ഐജ മരിച്ചത്.
കടുത്ത മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
സഹോദരിയുടെ മരണസമയത്ത് നാട്ടിലായിരുന്ന അര്‍ജുന്‍ പിന്നീട് ഗള്‍ഫിലേക്ക് പോയി.
ഇന്നലെ (ഞായര്‍) നാട്ടിലേക്ക് പോകുന്നുവെന്ന് അർജുൻ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രെ. മംഗ്‌ളൂരുവിലേക്കുള്ള വിമാനത്തിലാണ് യാത്ര ചെയ്തത്. ഉച്ചക്ക് ഒരു മണിക്ക് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് മാതാവിനോട് സംസാരിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ കാര്യം പറഞ്ഞിരുന്നില്ലത്രെ. ഉച്ച കഴിഞ്ഞ് സുഹൃത്തുക്കള്‍ വീട്ടിലേക്ക് വിളിച്ച് അര്‍ജുന്‍ നാട്ടിലേക്ക് തിരിച്ചതായുള്ള വിവരം അറിയിച്ചിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അർജുനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരിച്ചില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. സംശയത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ഇന്നലെ തന്നെ മംഗ്‌ളൂരുവിലെത്തി വിവിധ ലോഡ്ജുകളില്‍ അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇന്നുച്ചയോടെ മറവൂര്‍ എന്ന സ്ഥലത്തുള്ള ലോഡ്ജീല്‍ അര്‍ജ്ജുനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അര്‍ജുന്‍ മഹേഷ് എന്നതിന് പകരം മാതാവിന്റെ പേര് കൂടി ചേര്‍ത്ത് അര്‍ജുന്‍ രാധികയെന്നാണ് ലോഡ്ജില്‍ വിലാസം നല്‍കിയിരുന്നത്. ബജ്‌പെ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page