കാസർകോട്: സോളാർ വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്ന സംഘത്തിലെ മൂന്നുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. അസം ഗോൾപാര സ്വദേശികളായ നബി പരമണിക്(45), അൽ ജൗഹിദുൽ ഇസ്ലാം (26), റൗഫി ഗുൽ ഇസ്ലാം(41) എന്നിവരാണ് പിടിയിലായത്. പടന്നക്കാട് ആണ് ഇവർ താമസിക്കുന്നത്. വലിയപറമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മോഷ്ടിച്ച രണ്ട് ബാറ്ററികൾ പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോൺ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ പഞ്ചായത്തിൽ 6 സോളാർ വിളക്കുകളുടെ ബാറ്ററികൾ മോഷണം പോയിരുന്നു. കവർച്ച ചെയ്ത സാധനങ്ങൾ ചെറിയ വിലയ്ക്ക് മറിച്ചു വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. കവർച്ചാ സംഘത്തിൽ ഇവരെ കൂടാതെ നിരവധി പേരുണ്ടെന്ന് പൊലീസ് പറയുന്നു.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടുപതികളെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.







