ആലപ്പുഴ: ചെങ്ങന്നൂരില്‍ നഗ്നനായി മോഷണപരമ്പര നടത്തിയ കള്ളന്‍ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ബിജു സെബാസ്റ്റ്യനാ(50)ണ് അറസ്റ്റിലായത്. ഈ മാസം പത്തിന് ചെങ്ങന്നൂരിലെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ മോഷണ കേസുകളിലാണ് പ്രതി പിടിയിലായത്. അന്ന് മോഷണം കഴിഞ്ഞ് മടങ്ങും വഴി പ്രതി തട്ടുകട കുത്തിത്തുറന്ന് 12 കോഴി മുട്ടകള്‍ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഇവിടെ നിന്ന് 3000 രൂപയും കവര്‍ന്നിരുന്നു. പരിപരിസരത്തെ അഞ്ച് വീടുകളിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. നഗ്‌നനായാണ് ഇയാള്‍ വീടുകളില്‍ എത്തുന്നത്. മോഷണത്തിനിടെ മഴവന്നപ്പോള്‍ ഒരു വീട്ടില്‍ നിന്ന് കുടയും മോഷ്ടിച്ചിരുന്നു. ബിജുനിനെതിരെ ആലപ്പുഴയില്‍ മാത്രം അഞ്ചോളം പൊലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളുണ്ട്. മോഷ്ടിച്ച ഒരു ബൈക്ക് ചങ്ങനാശ്ശേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.








