കൊടക്കാട് നാരായണൻ
ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന ആഗുംബെയിലേക്ക് യാത്രാനന്ദയോടൊപ്പം ഒരു സഞ്ചാരം.
രാജവെമ്പാലയെ കുറിച്ച്പേടിപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിച്ച പ്രൈമറി ക്ലാസുകളിലെ ശാസ്ത്ര വിഷയങ്ങളിൽ ആഗുംബെയെ പരാമർശിച്ചതായി അറിയില്ല. പക്ഷെ ഇന്ന് .
രാജവെമ്പാലയെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന സ്ഥലമാണ് കർണാടകയിലെ ആഗുംബെ. “രാജവെമ്പാലയുടെ തലസ്ഥാനം” (കിങ് കോബ്ര ക്യാപിറ്റൽ ഓഫ് ഇന്ത്യ ) എന്ന വിശേഷണത്തോടെ ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളുടെയും ഗവേഷകരുടെയും ശ്രദ്ധ ആഗുംബെ നേടിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ അതിസാന്ദ്രമായ നിത്യഹരിത മഴക്കാടുകളാണ് ആഗുംബെയുടെ പ്രധാന സവിശേഷത.
വർഷത്തിൽ 7,000–8,000 മില്ലിമീറ്ററിലേറെ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്.
രാജവെമ്പാലയ്ക്ക് ആവശ്യമായ തണുപ്പും ഈർപ്പവും സമൃദ്ധമായ ജലസ്രോതസ്സുകളും ഇവിടെ ലഭ്യമാണ്.
രാജവെമ്പാലയുടെ പ്രധാന ആഹാരമായ മറ്റു പാമ്പുകൾ ധാരാളമായി കാണപ്പെടുന്നതിനാൽ അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ഇവിടെ .

ലോകത്തിലെ ഏറ്റവും പ്രശസ്തരായ സർപ്പശാസ്ത്രജ്ഞരിൽ ഒരാളായ റോമുലസ് വിറ്റേക്കർ ആഗുംബെയിൽ താമസിച്ച് രാജവെമ്പാലയെക്കുറിച്ച് നടത്തിയ ഗവേഷണം ശ്രദ്ധേയമാണ്.
അമേരിക്കയിൽ ജനിച്ച അദ്ദേഹം ഇന്ത്യയിൽ സ്ഥിരതാമസമാക്കി, ജീവിതം മുഴുവൻ പാമ്പുകളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും പൊതുജന ബോധവൽക്കരണത്തിനുമായി സമർപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെ വിഷപ്പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. പാമ്പുകളെ ഭയത്തിന്റെ പ്രതീകമായി കാണാതെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ജീവികളായി കാണണമെന്ന് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളിലും വിഷപ്രതിരോധ ( ആൻ്റീവെനം) ഗവേഷണങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്.
ആഗുംബെയിലെ സാന്ദ്രമായ മഴക്കാടുകൾ ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ കിങ് കോബ്രയുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നാണ്. ഈ അപൂർവ ജീവിയെക്കുറിച്ച് ദീർഘകാല പഠനങ്ങൾ നടത്തുന്നതിനായി സ്ഥാപിതമായതാണ് ആഗുംബെ മഴക്കാട് ഗവേഷണ കേന്ദ്രം. റോമുലസ് വിറ്റേക്കറുടെ നേതൃത്വത്തിലും പ്രചോദനത്തിലും ആരംഭിച്ച ഈ ഗവേഷണകേന്ദ്രം ഇന്ന് ലോകപ്രശസ്തമായ വന്യജീവി ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ്. ശൃംഗേരി റോഡ് ജംഗ്ഷൻ കഴിഞ്ഞാൽ തീർത്തഹള്ളി റോഡിൽ കുറച്ചകലെയാണ് ആഗോള തലത്തിൽ തന്നെ പേരെടുത്ത ഈ സ്ഥാപനം. വന്യ ജീവി ഗവേഷണ ശാല സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായെങ്കിലും സമയ പരിമിതി കാരണം മറ്റൊരവസരത്തിലേക്ക് മാറ്റി വെച്ചു.
കിങ് കോബ്രയുടെ ജീവിതചക്രം, പ്രജനനം, സ്വഭാവം എന്നിവയെക്കുറിച്ചുള്ള ദീർഘകാല ഗവേഷണം,
റേഡിയോ ടെലിമെട്രി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാമ്പുകളുടെ സഞ്ചാരപാത പഠിക്കൽ ,
മഴക്കാടുകളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണ പ്രവർത്തനങ്ങൾ ,
നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും പ്രകൃതി സംരക്ഷണ ബോധവൽക്കരണ പരിപാടികൾ,
മനുഷ്യരും പാമ്പുകളും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിക്കൽ എന്നിവയാണ് കേന്ദ്രത്തിലെ പ്രധാന പ്രവർത്തനങ്ങൾ.
ആഗുംബെയിലെ മഴക്കാടുകൾ കിങ് കോബ്രയ്ക്ക് മാത്രമല്ല, നൂറുകണക്കിന് ഇനം ഉഭയജീവികൾക്കും സർപ്പങ്ങൾക്കും പക്ഷികൾക്കും സസ്തനികൾക്കും അഭയകേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശം പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
“മഴത്തുള്ളികൾ സംഗീതസാന്ദ്രമാക്കുന്ന ആഗുംബെയുടെ വനാന്തരങ്ങളിൽ, മനുഷ്യൻ ഭയത്തോടെ നോക്കുന്ന കിങ് കോബ്രയെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ സ്നേഹത്തോടെ വായിച്ച മനുഷ്യനാണ് റോമുലസ് വിറ്റേക്കർ. മഴക്കാടിന്റെ ഓരോ ഇലയിലും ജീവന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നുവെന്ന് ലോകത്തോട് പറഞ്ഞുകൊടുക്കുന്ന വിജ്ഞാനത്തിന്റെ വനസർവ്വകലാശാല തന്നെയാണ് ആഗുംബെയിലെ മഴക്കാട് ഗവേഷണകേന്ദ്രം.”

ഗവേഷണകേന്ദ്രത്തിലൂടെ പ്രശസ്തമായ ഈ ഗ്രാമം പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവും വിളിച്ചോതുന്നു.
വനത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്തോറും മഴയുടെ ശബ്ദം ശക്തമായി. ഇലകൾക്കിടയിലൂടെ വീശുന്ന കാറ്റും അകലെയൊരു അരുവിയുടെ സംഗീതവും ചേർന്ന് പ്രകൃതിയുടെ ഒരു സിംഫണി തീർത്തു. ആ സംഗീതത്തിനിടയിൽ എവിടെയോ രാജവെമ്പാല തന്റെ നിത്യയാത്ര തുടരുന്നുണ്ടാകുമെന്ന് ചിന്തിച്ചു.
തുടരും….
നാളെ : കിംഗ് കോബ്ര : കാടിൻ്റെ കാവൽക്കാരൻ








