ആലപ്പുഴ: കഴിഞ്ഞ 5 വര്‍ഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം നടത്തിയത് 2 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയായിരുന്നുവെന്നു ജി സുധാകരന്‍ എംഎല്‍എ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 2 ലക്ഷം രൂപ വീതം വാങ്ങി 100ല്‍ക്കൂടുതല്‍ ആളുകള്‍ക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് എല്ലാവര്‍ക്കുമറിയാം. ആരുടെ അനുമതിയോടെയായിരുന്നു നിയമനമെന്ന് അദ്ദേഹം ആരാഞ്ഞു. ഇവിടെ എന്താണു നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു, ഇവിടെ കുടുംബശ്രീ വഴി നിയമനം. മെഡിക്കല്‍ കോളേജിലെ നിയമനങ്ങളെല്ലാം പിഎസ് സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.








