തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ജൂണ്‍ 29-ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 28-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.








