പനാജി: നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദറിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മൂത്തമകള്‍ അവന്തിക സുന്ദര്‍ വിവാഹിതയായി. വ്യാഴാഴ്ച ഗോവയിലെ ആഡംബര റിസോര്‍ട്ടില്‍ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ശ്രാവണ്‍ ശ്രീനിവാസനുമായുള്ള വിവാഹം. തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രരംഗങ്ങളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി. മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു
തൃഷ കൃഷ്ണന്‍, ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും ആഘോഷങ്ങളില്‍ പങ്കാളികളായി. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിവാഹ ചടങ്ങില്‍ പങ്കെടുത്തില്ല. ഇദ്ദേഹം ചെന്നൈയില്‍ ലഹരിക്കെതിരായ ക്യാംപെയ്ന്‍ മാരത്തോണില്‍ പങ്കെടുക്കുകയായിരുന്നു. തുടക്കത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ പ്രൗഢമായാണ് വിവാഹച്ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ് എന്നിവര്‍ പരമ്പരാഗത വേഷത്തിലാണ് എത്തിയത്. ഖുശ്ബു ഈ മൂന്ന് താരങ്ങള്‍ക്കൊപ്പവും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം അവന്തിക സുന്ദര്‍ അഭിനയരംഗത്തും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.








