കാസര്‍കോട്: ഫിഫ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ പുകവലി ചിത്രങ്ങള്‍ വേണ്ട. പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ ദൃശ്യങ്ങള്‍ മറച്ചു വെക്കുകയോ ചെയ്യണമെണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി സന്തോഷ് അറിയിച്ചു. അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമം വകുപ്പ് 5 പ്രകാരം അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു. പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍, ക്ലബ്ബുകള്‍, ബോര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ, പ്രിന്റിംഗ് സ്ഥാപനങ്ങള്‍ എന്നിവക്കെതിരെയും നിയമനടപടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







