സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങി; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സെപ്റ്റിക് ടാങ്കിനുളളില്‍ ഇറങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുന്ദ്ക ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും സുല്‍ത്താന്‍പുരിയിലെ ഇന്ദ്ര ജീല്‍ സ്വദേശികളാണ്. ഇവർ ശുചീകരണത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയ ഇവർ വിഷവാതകം ശ്വസിച്ച് ബോധരഹിതരാവുകയായിരുന്നു.
ഡൽഹി ഫയർ സർവീസിന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടവിവരം ലഭിക്കുന്നത്. സെപ്റ്റിക് ടാങ്കിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു എന്നായിരുന്നു സന്ദേശം. ഉടൻതന്നെ രണ്ട് രക്ഷാപ്രവർത്തക വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയച്ചെങ്കിലും റോഡിലെ ഗതാഗതക്കുരുക്ക് രക്ഷാപ്രവർത്തനം വൈകി. തുടർന്ന് എതിർദിശയിലൂടെ മറ്റൊരു വാഹനം കൂടി സംഭവസ്ഥലത്തേക്ക് കുതിച്ചു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുന്ദ്ക പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച്ചയുണ്ടായോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page