ഇന്നത്തെ പ്രധാന വാർത്തകൾ

​ഹോർമുസ് കടലിടുക്കിൽ ടോൾ പിരിവില്ല: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കാൻ ശ്രമിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

​ഗൾഫ് രാജ്യങ്ങൾക്ക് യു.എസിന്റെ ഉറപ്പ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി നടത്തുന്ന ചർച്ചകളിൽ ഗൾഫ് സഖ്യകക്ഷികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉറപ്പുനൽകി.

​ന്യൂക്ലിയർ സൈറ്റ് പരിശോധന: അന്തിമ യു.എസ്-ഇറാൻ കരാറിന് ശേഷം മാത്രമേ തങ്ങളുടെ ആണവ നിലയങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് പരിശോധന അനുവദിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി.

​ജപ്പാനിൽ ശക്തമായ ഭൂചലനം.
​ജപ്പാന്റെ വടക്കുകിഴക്കൻ തീരപ്രദേശമായ തൊഹോകുവിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
​ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പ്രവിശ്യയിലെ ആണവനിലയങ്ങൾക്ക് കേടുപാടുകളോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ താല്ക്കാലികമായി നിർത്തിവെച്ചു.

​പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ ഇറാാനിലെ മിനാബ് പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന, നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ആ സമയത്ത് പല ഭാഗത്തുനിന്നും മിസൈലുകൾ വരുന്നുണ്ടായിരുന്നതിനാൽ കൃത്യമായി ആരുടേതാണെന്ന് കണ്ടെത്തുക പ്രയാസമാണെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

​മാസങ്ങളായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം കപ്പൽ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള പദ്ധതികൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ ആരംഭിച്ചു. യു.എസ്-ഇറാൻ സമാധാന ധാരണയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രമുഖ ചിപ്പ് നിർമാതാക്കളായ എസ് കെ ഹൈനിസ് അമേരിക്കൻ ഓഹരി വിപണിയിൽ നിന്നും 29.4 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു. ടെക്നോളജി ലോകത്തെ ഏറ്റവും വലിയ ഓഹരി വില്പനകളിൽ ഒന്നായിരിക്കും ഇത്.

​എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ: ഡൽഹിയിൽ നിന്നു അമൃത്സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം (എ.ഐ.479) ലാൻഡിംഗിനിടെയുണ്ടായ ‘ഗോ-എറൗണ്ട്’ പ്രക്രിയയ്ക്കിടെ അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. സംഭവത്തിൽ വിമാനത്തിലെ ക്രൂ അംഗങ്ങൾക്കെതിരെയും അമൃത്സറിലെ എയർ ട്രാഫിക് കൺട്രോളർക്കെതിരെയും വ്യോമയാന മന്ത്രാലയം കടുത്ത നടപടിയെടുത്തു.

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ, ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ജൂൺ 25 മുതൽ 27 വരെ ലണ്ടൻ സന്ദർശിക്കും.

​ഇറാനിൽ നിന്നുള്ള ഇന്ത്യൻ ഒഴിപ്പിക്കൽ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ചതിന് അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിൻയാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ നന്ദി അറിയിച്ചു.

​സെൻട്രൽ ബോർഡ് റിസൾട്ടുകൾ: ഐസിഎഐ, ചാർട്ടേഡ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നു.

​ കാലവർഷം കനത്തതോടെ കേരളം ഉൾപ്പെടെ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാൾ, ഒഡീഷ, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 70 കി.മീ വരെ വേഗതയുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

​മെറ്റാ – ക്രെഡ് നിക്ഷേപം: വാട്സാപ്പിന്റെ ബിസിനസ് വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ക്രെഡ്’ കമ്പനിയിൽ മെറ്റാ 900 മില്യൺ ഡോളറിന്റെ വൻ നിക്ഷേപം നടത്തി. ക്രെഡ് മേധാവി കുനാൽ ഷായെ വാട്സാപ്പിന്റെ ഇന്ത്യൻ ചുമതലകളിലേക്ക് മെറ്റാ നിയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാന ബജറ്റ് ചർച്ചകൾക്ക് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ 300 കോടിയിലധികം രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ചു. വ്യവസായം, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകൾക്കായി 100 കോടി രൂപയും, പൊതുവിദ്യാഭ്യാസ വകുപ്പിന് 50 കോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും അറിയിച്ചു.

​പുതിയ ചീഫ് സെക്രട്ടറി :
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

​കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട.
എറണാകുളം റൂറൽ പരിധിയിലെ പെരുമ്പാവൂരിനടുത്തുള്ള മാറമ്പിള്ളിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പൊലീസ് പിടികൂടി. വൈപ്പിൻ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടകളിലൊന്നാണിത്.

​സ്വകാര്യ ബസുകൾ ‘ജി ഫോം’ നൽകുന്നു.
തൃശൂർ ജില്ലയിൽ ജൂലൈ ഒന്നു മുതൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് മോട്ടോർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിക്കാനൊരുങ്ങുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ (സ്ത്രീകൾക്കുള്ള സൌജന്യ യാത്ര ഉൾപ്പെടെ) സജീവമായ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് വൻ നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

​വ്യാജരേഖകളുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ.
കോതമംഗലം അസമന്നൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തു.

​ സംസ്ഥാനത്ത് വരും ദിവസങ്ങളിലും പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചില ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

​മേൽപറമ്പിൽ വൻ ലഹരി നിർമ്മാണ കേന്ദ്രം പിടികൂടി
മേൽപറമ്പ് പൊലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിൽ വൻ നിരോധിത പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി. ബാര ഗ്രാമത്തിലെ മയിലാട്ടിയിൽ ദേശീയപാതയോരത്ത് “ഖുറൈഷി എക്സ്പ്രസ്” എന്ന ബോർഡ് വെച്ച വാടക കെട്ടിടത്തിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. രഹസ്യ മുറിയിൽ പാക്കിങ് മെഷീനുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ പാക്കറ്റുകളിലാക്കുകയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി തയ്യാറാക്കിയ 15,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും യന്ത്രങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.

കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രമാണിച്ച് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കുക

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page