ബൈക്കില്‍ എംഡിഎംഎ കടത്ത്; പൊലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ദേളിയില്‍ പിടിയില്‍

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് ദേളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 6.43 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. ചട്ടഞ്ചാല്‍ മഹീനാബാദ് സ്വദേശി യുഎം അബ്ദുല്‍ സിയാദ്(25), പൊയിനാച്ചി മൊട്ടയിലെ കെ സുനില്‍ രാജ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ദേളി ജംങ്ഷനില്‍ മേല്‍പ്പറമ്പ് എസ്‌ഐ ടി അഖിലിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. മേല്‍പറമ്പില്‍ നിന്ന് ദേളിയിലേക്ക് അസമയത്ത് ബൈക്കില്‍ പോവുകയായിരുന്ന ഇവരെ പൊലീസ് കൈകാട്ടി തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഓടിപ്പോകാന്‍ ശ്രമിച്ച ഇവരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എംഡിഎംഎ കടത്ത് മനസിലായത്. സിയാദിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. വില്‍പനക്കായാണ് ഇതുകൊണ്ടുപോകുന്നതെന്നും ചെറുകരയിലുള്ള സഹദ് ആണ് ഇത് തന്നതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ജൂനിയര്‍ എസ്‌ഐ ഷൈജു, സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടികെ പ്രശോഭ്, എംസജീഷ്, സിപിഒ സുജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page