ലേഡീസ് കോച്ചില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഇനി 2500 രൂപ പിഴ; യാത്രാവിലക്കും ഉണ്ടായേക്കും, നിയമങ്ങള്‍ കടുപ്പിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനുകളിലെ വനിതാ കോച്ചുകളിലോ കമ്പാര്‍ട്ടുമെന്റുകളിലോ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്കുള്ള പിഴത്തുക ഇന്ത്യന്‍ റെയില്‍വേ വര്‍ധിപ്പിച്ചു. പുതിയ നിയമപ്രകാരം ലേഡീസ് കോച്ചില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഇനി മുതല്‍ 2500 രൂപ പിഴ ചുമത്തും. യാത്രയ്ക്കിടയില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്ന ലക്ഷ്യമിട്ടാണ് നിര്‍ണായക നീക്കം.
ജൂലായ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാവുമെന്ന് റെയില്‍വേ അറിയിച്ചു.
രാജ്യത്തുടനീളമുള്ള ലോക്കല്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ വനിതാ യാത്രക്കാര്‍ക്കായി പ്രത്യേക അണ്‍റിസര്‍വ്ഡ് കോച്ചുകളും കമ്പാര്‍ട്ടുമെന്റുകളും റെയില്‍വേ അനുവദിക്കാറുണ്ട്. ഇതിനുപുറമെ മുംബൈ, കൊല്‍ക്കത്ത, സെക്കന്തരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ സബര്‍ബന്‍ റൂട്ടുകളില്‍ വനിതകള്‍ക്കായി മാത്രം പ്രത്യേക ട്രെയിന്‍ സര്‍വീസുകളും (ലേഡീസ് സ്‌പെഷ്യല്‍) റെയില്‍വേ നടത്തുന്നുണ്ട്.
റെയില്‍വേ ആക്ട് സെക്ഷന്‍ 162 അനുസരിച്ച്, വനിതകളുടെ കമ്പാര്‍ട്ടുമെന്റുകളിലോ കോച്ചുകളിലോ പുരുഷന്മാര്‍ പ്രവേശിക്കുന്നതും വനിതാ യാത്രക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഇരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയും തടവുശിക്ഷയും ലഭിക്കാം.
വനിതാ കോച്ചുകളില്‍ പുരുഷന്മാര്‍ പ്രവേശിക്കുന്നത് തടയാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രത്യേക പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജന്‍ വിശ്വാസ് ആക്ട്, 2026 പ്രകാരമാണ് റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500 രൂപയില്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page