ദോഹ: ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) സംസ്‌കരണ കേന്ദ്രമായ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ഇറാന്റെ ആക്രണത്തിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. പ്ലാന്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തര്‍ എനര്‍ജി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ പ്ലാന്റിന് എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
സംഭവത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലുണ്ടായ സ്‌ഫോടനം ആഗോള ഊര്‍ജ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് വിവരം. ഇരുണ്ട ആകാശത്തേക്ക് വന്‍ തീജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങുന്നതും പുക പടരുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കുള്ള വിതരണം തടസ്സപ്പെട്ടതിനാല്‍ ഖത്തര്‍ വാതക ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലും റാസ് ലഫാനിലെ ഈ പ്ലാന്റിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.







