കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ തിരുവനന്തപുകം, കഠിനംകുളം സ്വദേശി ആന്റണി തോമസി (28)നെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് (ശനി) പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സമയത്ത് ഇറങ്ങിയോടിയ ആന്റണി തോമസിനെ യാത്രക്കാര്‍ പിന്തുടര്‍ന്ന് പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ മറ്റൊരു സംഭവത്തില്‍ മൈലക്കാട് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊട്ടിയത്തു നിന്നു കൊല്ലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. യാത്രക്കിടയില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവത്രെ. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോ വൈറലായതോടെ സുനില്‍ കുമാര്‍ ഒളിവില്‍ പോവുകയും പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രതിയെ കൊല്ലം സിറ്റി പൊലീസ് ഇത്തിക്കര പാലത്തിനു സമീപത്ത് വച്ചാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.







