ജോലിതേടിയെത്തിയ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ബംഗാളിൽ, ആക്രമണം കള്ളനെന്ന് സംശയിച്ച്

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളന്‍ എന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം 30 കാരനെ ആക്രമിച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൊലപാതകം ഞായറാഴ്ചയാണ് വാര്‍ത്തയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് യുവാവ് കുല്‍ത്തലിയിലെത്തിയത്. ജോലി തേടിയാണ് അവിടെ എത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാവ് സന്‍കിജഹാന്‍ മേഖലയിലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു. ഇതിനിടെ വഴിതെറ്റി മറ്റൊരു പ്രദേശത്ത് എത്തിപ്പെട്ടു. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും ഭാഷ അറിയാത്തതിനാല്‍ മറുപടി പറയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. പിന്നാലെ കള്ളനെന്ന് ആരോപിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മലയാളത്തില്‍ സംസാരിച്ചത് സംഘത്തെ പ്രകോപിപ്പിച്ചെന്നാണ് പറയുന്നത്. അടികിട്ടി അവശനായ യുവാവിനെ ജോയ്നഗര്‍ -കുല്‍ത്തലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page