മണിക്കൂറുകളോളം ചോദ്യം ചെയ്ത വനിതാ എസ്.ഐക്കെതിരെയും ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; കോടതിയെ സമീപിച്ച് നടി അന്‍സിബ

കൊച്ചി: നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ പരാതിയുമായി നടി അന്‍സിബ ഹസന്‍. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്നാവശ്യപ്പെട്ട് അന്‍സിബ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, സംഭവത്തില്‍ പൊലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചക്കുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വിളിച്ചുവരുത്തി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് അന്‍സിബയുടെ പരാതി. പൊലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തിട്ടില്ല. ഇതിനുള്ള വിശദീകരണമാണ് പൊലീസ് കോടതിയ്ക്ക് സമര്‍പ്പിക്കേണ്ടത്. പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ മുമ്പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പരാതിയില്‍ തൃക്കാക്കര എസിപി അന്വേഷണം നടത്തുകയും ഇതില്‍ കഴമ്പില്ലെന്ന് കാട്ടി കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. പൊലീസ് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ഹര്‍ജി തീര്‍പ്പാക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page