കാസർകോട്: ഉറങ്ങിക്കിടന്ന 7 വയസുകാരിയെ അടുത്ത മുറിയിൽ എടുത്തു കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും. മാലോം അതിരുമാവ് സ്വദേശി പാപ്പിനിവീട്ടിൽ പിഡി സനീഷി(33)നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴയും പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധികം തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 7 വയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. 2023 വർഷം മുതൽ വിവിധ ദിവസങ്ങളിൽ രാത്രിയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. രാത്രി കുട്ടി ഉറങ്ങുമ്പോൾ കുട്ടിയെ തൊട്ടടുത്ത റൂമിൽ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.








