തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും എന്നും ധീരമായി നേരിടുന്ന വ്യക്തിയാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ കൂടിയായ രേണു സുധി. രേണുവിന് കാൻസർ ആണെന്ന രീതിയിൽ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് സ്ഥിരീകരിച്ചുകൊണ്ട് രേണു തന്നെ രംഗത്തെത്തി. തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചുവെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം കഴിയാറായെന്നും അവർ വെളിപ്പെടുത്തി. ഒരു യൂട്യൂബിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടത് 15 വയസുള്ളപ്പോഴാണെന്ന് അവർ പറയുന്നു. വീട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ബയോപ്സി ചെയ്തിരുന്നു. ഇതിങ്ങനെ വെക്കരുതെന്നും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഭർത്താവ് സുധിയുടെ മരണശേഷം വീണ്ടും നടത്തിയ പരിശോധനയിലാണ് ക്യാൻസർ ബാധ വ്യക്തമായത്. പരിശോധനയിൽ മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നും കീമോ ആരംഭിക്കണമെന്നും ഡോക്ടര്‍ നിർദ്ദേശിച്ചതായി രേണു പറയുന്നു. എന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയുന്ന കാര്യമാണ് ഇപ്പോള്‍ എല്ലാവരോടുമായി പങ്കുവെക്കുന്നതെന്ന് രേണു പറയുന്നു. മുന്നോട്ട് നമുക്ക് ജീവിക്കണം എന്നൊരു ഒറ്റ ചിന്തയാണ് എന്നെ ഇപ്പോള്‍ നയിക്കുന്നതെന്ന് അവർ പറയുന്നു.
രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണെന്നും അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണെന്നും കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേണു തന്നെ അസുഖം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.







