ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്ത് സിങ്, ശുഭം കുമാര്‍, ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടത്.
ചരക്ക് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കു തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ നടുഭാഗം വരെ പൂര്‍ണമായും കത്തിപ്പോയിരുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ശേഖരിച്ചുവരികയാണ്. 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന വിമാനത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.








