ഇറാനെ രാത്രി ആക്രമിക്കുമെന്ന് ട്രംപിന്റെ  ഭീഷണി, അവസാന നിമിഷം വാക്ക് പിൻവലിച്ചു, വ്യോമാക്രമണം റദ്ദാക്കി, കരാർ ഉടൻ


വാഷിങ്ടൺ:  ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  ഇറാനുമായും മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകളെ തുടർന്ന് ഒരു നിർണ്ണായക കരാറിന് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.  ഇറാന്റെ പ്രധാന എണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും യു.എസ് സൈന്യം ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുതിയ പ്രഖ്യാപനം നടത്തിയത്. 
അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കിയ, പാകിസ്താൻ, ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ, ഈജിപ്ത് എന്നിവരുൾപ്പെടെ ചർച്ചകളിൽ പങ്കാളികളായ എല്ലാ കക്ഷികളും ഈ കരാറിന്റെ അടിസ്ഥാന ആശയങ്ങളും വിശദാംശങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.  ചർച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും തത്വത്തിലും വിശദമായും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇറാനുമായി സമാധാന ഉടമ്പടി ഒപ്പിടുമെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ട്രംപ് പറയുന്നു.
എങ്കിലും, ഈ ഇടപാട് അന്തിമമാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പൂർണ ശക്തിയോടെ തുടരുമെന്നും കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദമാക്കി. പ്രസ്താവനയോട്  ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഇറാന് നേരെ കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page