മംഗളൂരൂ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി.
മുമ്പു പലതവണ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുള്ള വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് മൂകാംബികയിലെത്തിയത്. ക്ഷേത്രത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അരമണിക്കൂര്‍ വൈകി മൂന്നരയോടെയാണ് അദ്ദേഹം ക്ഷേത്രസന്നിധിയിലെത്തിയത്. ക്ഷേത്രത്തിലെത്തിയ വിജയിയെ തന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രംഅഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് സ്വീകരണം നല്‍കി. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം നാല് മണിക്ക് തുറക്കേണ്ട ക്ഷേത്രനട മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് മൂന്ന് മണിക്ക് തന്നെ തുറന്നു.
ദേവിയെ ദര്‍ശിച്ച ശേഷം സവിശേഷമായ ‘സങ്കല്പ ദീപാരാധന’ എന്ന പൂജയിലും വിജയ് പങ്കെടുത്തു.
പിന്നീട് ദര്‍ശനത്തിന് ശേഷം ക്ഷേത്ര ഭാരവാഹികളുമായി സമയം ചെലവഴിച്ച അദ്ദേഹം മംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചു. തമിഴ്നാട് പോലീസിന്റെയും കര്‍ണാടക പോലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം പ്രമാണിച്ച് അതീവ ജാഗ്രതയോടെയുള്ള സുരക്ഷാ വിലയിരുത്തലുകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരും മുമ്പ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ട്.







