ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി യുഎസ്; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. തെക്കൻ ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്തെ പെട്രോകെമിക്കൽ പ്ലാൻ്റ് അമേരിക്കൻ സൈന്യം തകർത്തു.  ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന് ചുറ്റും ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖേഷിം, കിഷ് ദ്വീപുകളിലും മിനാബ് നഗരത്തിലും വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.  തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ അമേരിക്ക നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ലെന്നും ഇറാൻ സൈനിക നേതൃത്വം വ്യക്തമാക്കി. സമാധാന ചർച്ചകൾ നീണ്ടുപോകുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കനത്ത വ്യോമാക്രമണം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page