കുമ്പള:കുമ്പള ടൗണിൽ പഞ്ചായത്ത് ഭരണസമിതിയെടുത്ത ഗതാഗത പരിഷ്കരണം പോലീസും,മോട്ടോർ വാഹന വകുപ്പും ചേർന്ന് അട്ടിമറിക്കുന്നെന്നു പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയും ഭരണസമിതിയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതിപ്പെട്ടത് കുമ്പളയിൽ വിവാദത്തിനു വഴിവച്ചു.
പരാതി കേട്ട ഉടൻ മന്ത്രി രമേശ് ചെന്നിത്തല എസ് പി യെ വിളിച്ചു വിഷയത്തിൽ ഇടപെടാൻ നിർദ്ദേശിച്ചതായി പറയുന്നു. എന്നിട്ടും നടപടി ഉണ്ടാവാത്തതു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ സംശയം ഉളവാക്കുന്നു. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളി കളുമാണു ട്രാഫിക് പരിഷ്ക്കരണത്തിന് ഇടങ്കോലിടുന്നതെന്നു വ്യാപാരി-വ്യവസായി യുവജന വിഭാഗം ആരോപിക്കുന്നു.ഏതാനും ദിവസം മുൻപ് ഈ ആവശ്യം ഉന്നയിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഇവർ മാർച്ചും,ധർണ്ണയും നടത്തിയിരുന്നു. ഇനി പോലീസ് സ്റ്റേഷൻ മാർച്ച് നടത്താനാണു നീക്കമെന്നു പറയുന്നു.
ബസ്റ്റാൻഡ് വിഷയവും,ട്രാഫിക് പരിഷ്കരണവും ചർച്ച ചെയ്യാൻ രണ്ടു തവണ കുമ്പള പോലീസ് സ്റ്റേഷനിൽ യോഗം വിളിച്ചുകൂട്ടി യിരുന്നു. കഴിഞ്ഞ യോഗത്തിൽ ജില്ലാ പോലീസ് മേധാവി, എം വി ഡി , കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ,കുമ്പള പഞ്ചായത്ത് പ്രതിനിധികൾ,ബസ് ജീവനക്കാർ സംബന്ധിച്ചിരുന്നു.
സ്വകാര്യ ബസ്സുകൾ പഴയ ബസ് സ്റ്റാൻഡിനു സമീപം യാത്രക്കാരെ ഇറക്കാനും,കയറ്റാനും നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.അതേസമയം,കെ എസ് ആർ ടി സി ബസ്സുകൾ ബദിയടുക്ക റോഡിലെ ബസ് ഷെൾട്ടറിന് സമീപം നിർത്തിയിടുന്നതിനേയും,യാത്രക്കാരെ കയറ്റുന്നതിനേയും വ്യാപാരികൾ ചോദ്യം ചെയ്യുന്നില്ല – ഇതും ജനങ്ങളിൽ സംശയം ഉളവാക്കുന്നു.







