ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. പുല്‍മൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്‌ടെക്കയ്ക്ക് സ്വന്തമാകും. ജൂണ്‍ 12 മുതല്‍ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. 32 ന് പകരം 48 ടീമുകള്‍ കളത്തിലെത്തും. 64 മത്സരങ്ങളുണ്ടായിരുന്നത് 104 ആയി ഉയരും. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്‌സ് ഫൈനല്‍ ജൂലൈ 18ന് നടക്കും. ജൂലൈ 19നാണ് കലാശപ്പോരാട്ടം നടക്കുക.
കിരീടം നിലര്‍ത്താന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജമായിക്കഴിഞ്ഞു. 1930 മുതല്‍ എല്ലാ ലോകകപ്പിലും പങ്കെടുക്കുന്ന ഏക ടീമാണ് ബ്രസീല്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയവും ഗോളും നേടിയ ടീമും ബ്രസീല്‍ തന്നെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പടനായകന്‍ പോര്‍ച്ചുഗലിനുവേണ്ടി കളത്തിലിറങ്ങും. ഈ വര്‍ഷത്തെ ലോകകപ്പില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം എന്ന ബഹുമതിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നില്‍, 226 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡ് മെസ്സിക്കാണ്, 26 മത്സരങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.
സ്വന്തം മണ്ണില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിജയത്തോടെ ടൂര്‍ണമെന്റിനു തുടക്കമിടുകയാണ് മെക്‌സിക്കോയുടെ ലക്ഷ്യം. 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിലേക്കെത്തുന്നത്. ഗ്രൂപ്പ് എ-യിലെ രണ്ടാം മത്സരത്തില്‍ വെള്ളിയാഴ്ച രാവിലെ 7.30-ന് ദക്ഷിണകൊറിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. ഇരുപതു വര്‍ഷത്തിനുശേഷമാണ് ചെക്ക് റിപ്പബ്ലിക് ലോകകപ്പിനു യോഗ്യത നേടുന്നത്. ഖത്തര്‍ ടീമിനുവേണ്ടി കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദ് ജംഷീദും കളത്തിലിറങ്ങും.







