കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ അഞ്ച് കുട്ടികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെയും ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണ്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പ്രദേശത്തെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് വയറിളക്കം ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ ചികിത്സ തേടിയിരുന്നു.
കഠിനമായ വയറിളക്കം, ചിലപ്പോള്‍ രക്തവും കഫവും കലര്‍ന്ന മലം, അതിശക്തമായ വയറുവേദനയും ഓക്കാനവും, ഉയര്‍ന്ന പനി എന്നിവയാണ് രോഗലക്ഷണങ്ങള്‍. 3 ദിവസത്തിനുള്ളില്‍ മാറാത്ത കഠിനമായ വയറിളക്കം ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. അതേസമയം രോഗബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭയില്‍ ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, ആശാപ്രവര്‍ത്തകര്‍ ശുചിത്വ ജീവനക്കാര്‍ എന്നവരുടെ അടിയന്തിര ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വാര്‍ഡുകളില്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അറിയിച്ചു.








