കേരളത്തിലേക്കു കടത്തുകയായിരുന്ന ഒന്നര കോടി രൂപ വിലവരുന്ന മൂന്നു ക്വിന്റല്‍ കഞ്ചാവ് മൈസൂരില്‍ പിടിയില്‍; 4 പേര്‍ അറസ്റ്റില്‍

മൈസൂര്‍: കര്‍ണ്ണാടകയില്‍ നിന്നു കേരളത്തിലേക്കു ട്രക്കില്‍ കടത്തുകയായിരുന്ന മൂന്നു ക്വിന്റല്‍ കഞ്ചാവ് മൈസൂരില്‍ കര്‍ണ്ണാടക പൊലീസ് പിടിച്ചു. കഞ്ചാവിന് ഒന്നരക്കോടി രൂപ വിലവരുമെന്നു കണക്കാക്കുന്നു. അടുത്ത കാലത്തു പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവു കടത്താണിത്. സംഭവത്തില്‍ നാലുപേരെ മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമ ലഡ്കറുടെ നേതൃത്വത്തില്‍ പിടിച്ചു. സംഭവത്തില്‍ മുഹമ്മദ് സുബൈര്‍, മുദാസിര്‍ അഹമ്മദ്, അബൂബക്കര്‍ സിദ്ദീഖ്, സയ്യിദ് മസര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മുഹമ്മദ് സുബൈര്‍ നിരവധി കഞ്ചാവു കടത്തു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
134 പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച കഞ്ചാവ് 15 ചാക്കുകളിലാക്കി ട്രക്കില്‍ അടുക്കിവച്ച ശേഷം അതിനു മുകളില്‍ തെങ്ങിന്‍ തൈകള്‍ നിരത്തി വച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. ചാക്കു കെട്ടുകള്‍ കാണാതിരിക്കുന്നതിന് അവയ്ക്കു മുകളില്‍ 72 തെങ്ങിന്‍ തൈകള്‍ അടുക്കിവച്ചിരുന്നു. പ്രതികളിലൊരാള്‍ ഒരാഴ്ചയിലധികമായി മൈസൂരും പരിസരങ്ങളിലും ചുറ്റിക്കളിച്ചു കൊണ്ടിരുന്നതില്‍ സംശയം തോന്നിയ പൊലീസ് അയാളെ പിന്തുടര്‍ന്നു നടത്തിക്കൊണ്ടിരുന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് വന്‍ കഞ്ചാവുവേട്ട. പിടിയിലായവരെല്ലാം മൈസൂര്‍ സ്വദേശികളാണ്. കര്‍ണ്ണാടകയിലെ മല വള്ളിയില്‍ നിന്നു മൈസൂര്‍ വഴി കേരളത്തിലേക്കു ട്രക്കില്‍ കഞ്ചാവു കടത്തുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നു അലനഹള്ളി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന നദനഹള്ളി ഗേറ്റിനടുത്തു വെന്നൂര്‍ റോഡില്‍ ചെക്ക് പോയിന്റ് സ്ഥാപിച്ചാണ് ട്രക്കു തടഞ്ഞു നിര്‍ത്തിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവു കൊണ്ടു വന്നതെന്നു കരുതുന്നു. പ്രതികള്‍ നാലുപേരും മൈസൂരു സ്വദേശികളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page