കാസര്‍കോട്: കാറില്‍ കടത്തിയ എം ഡി എം എയുമായി മൂന്നു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. മംഗല്‍പാടി, അട്ക്ക ഹൗസിലെ അബ്ദുല്‍ അസീസ് (43), നെക്രാജെ, ആലങ്കോള്‍ ഹൗസിലെ കെ വി അബൂബക്കര്‍ (32), മൊഗ്രാലിലെ മുസ്തഫ (44) എന്നിവരെയാണ് കുമ്പള എസ് ഐ എസ്.അനൂപും സംഘവും അറസ്റ്റു ചെയ്തത്. 3.355 ഗ്രാം എം ഡി എം എയും കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ (ചൊവ്വ) രാത്രി 12.30 മണി അട്ക്ക, റോയല്‍ സ്ട്രീറ്റിലാണ് പൊലീസ് മയക്കുമരുന്നു വേട്ട നടത്തിയത്. എസ് ഐമാരായ എസ്. അനൂപ്, വി വി സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സലിന്‍ ദാസ്, ഡ്രൈവര്‍ ജാബിര്‍ എന്നിവര്‍ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നു. 12.30 മണിയോടെ അട്ക്കയിലെത്തി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അട്ക്ക ഭാഗത്തു നിന്നു ചുവന്ന നിറത്തിലുള്ള കാര്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു. കൈ കാണിച്ചുവെങ്കിലും കാര്‍ നിര്‍ത്താതെ അമിതവേഗതയിലോടി. പൊലീസ് പിന്തുടരുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയില്‍ താഴ്ന്നു പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് എം ഡി എം എ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.








