കാസര്‍കോട്: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്തു. മടിക്കൈ, ചാളക്കടവിലെ നിദ മന്‍സിലില്‍ താമസക്കാരനായ മാലോം, മുട്ടോ oകടവിലെ പി സിറാജി(38)നെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ ശാര്‍ങധരനും സംഘവും അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
നീലേശ്വരം പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നതിനാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്ത് ബസ് വെയ്റ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്നു സിറാജ്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് സംഘം ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 3.260ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലേക്ക് മാറ്റി. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ബൈജു, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.







