വധശ്രമക്കേസിൽ ബി ജെ പി കൗൺസിലർ അറസ്റ്റിൽ; പൊലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിവച്ച് പൊലീസ്

തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് അറസ്റ്റിലായത്. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സു​ഗതന്റെ സ്ഥാനാർത്ഥിത്വം വിവാദവും ചർച്ചയുമായിരുന്നു. ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അനുയായികൾ പൊലീസിനെ വളഞ്ഞു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം വലിയ രീതിയിലുള്ള പ്രതിരോധമാണ് അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേ തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി സു​ഗതന് മുൻകൂർ ജാമ്യം നിഷേധിക്കുകയും ഏഴാം തീയതിക്ക് മുൻപ് അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സുഗതൻ ഹാജരായില്ല. എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ തനിക്ക് ചിക്കൻപോക്‌സായതിനാലാണ് സ്റ്റേഷനിൽ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പൊലീസ് ഭാര്യയേയും മകളെയും മർദിച്ചെന്നും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സുഗതന്റെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page