കൊടക്കാട് നാരായണൻ
” മണ്ണിനെ രൂപപ്പെടുത്തുന്ന കൈകൾ, ഒരു സംസ്കാരത്തിന്റെ ചരിത്രത്തെയും രൂപപ്പെടുത്തുന്നു.” ഷിയാനിലെ ടെറാക്കോട്ട വാര്യേർസിനേക്കാൾ പഴക്കമുണ്ട് ഈ പഴമാഴിക്ക്.
ചൈനയുടെ ചരിത്രത്തിന്റെ ഹൃദയമിടിപ്പ് കേൾക്കണമെങ്കിൽ, ബീജിംഗിനേക്കാൾ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Xi’an (ഷിയാൻ) നഗരത്തിലേക്ക് യാത്ര ചെയ്യണം. ലോകപ്രശസ്തമായ ടെറാക്കോട്ടാ വാര്യേഴ്സ് അവിടെയാണ് സ്ഥിതിചെയ്യുന്നത്. ചൈനയുടെ ആദ്യ ചക്രവർത്തിയായ Qin Shi Huang ന്റെ ശവകുടീര സമുച്ചയത്തിന്റെ ഭാഗമായ ഈ മൺസൈന്യം മനുഷ്യരാശിയുടെ ഏറ്റവും അത്ഭുതകരമായ പുരാവസ്തു കണ്ടെത്തലുകളിലൊന്നാണ്.
പ്രഭാതസൂര്യൻ മൃദുലമായ കിരണങ്ങൾ ഭൂമിയിലേക്ക് ചൊരിയുമ്പോൾ, ഷിയാന്റെ വിശാലമായ സമതലങ്ങളിലൂടെ ഞങ്ങളുടെ വാഹനം നീങ്ങി. നഗരത്തിന്റെ ആധുനിക മുഖം പിന്നിലായപ്പോൾ, ചരിത്രത്തിന്റെ വാതിലുകൾ പതുക്കെ തുറക്കുന്നതുപോലെ തോന്നി. ലക്ഷ്യം — Terracotta Army.
മ്യൂസിയത്തിന്റെ കവാടത്തിന് മുന്നിൽ നിന്നു തന്നെ ചൈനക്കാരനായ ടൂർ ഗൈഡ് റോബി എല്ലാവർക്കും ഓരോ ഈയർ ഫോൺ വിതരണം ചെയ്തു. നിരവധി സംഘങ്ങൾ ഒരേ സമയം സന്ദർശനത്തിനെത്തുന്നതു കൊണ്ട് അദ്ദേഹത്തിന്റെ വിശദീകരണം മറ്റു സന്ദർശകർക്ക് ശബ്ദശല്യമാക്കാത്ത തരത്തിൽ കേൾക്കാൻ വേണ്ടിയുള്ള ഒരേർപ്പാടാണിത്. സന്ദർശനം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ സ്വനപേടകം മറക്കാതെ തിരിച്ചേല്പിച്ചില്ലെങ്കിൽ പണി കിട്ടും. കവാടം കടന്നയുടൻ, കാലം രണ്ടായിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് ഒഴുകിപ്പോയതുപോലെ അനുഭവപ്പെട്ടു. വിശാലമായ ഖനന ശാലയുടെ അരികിലെത്തിയപ്പോൾ കണ്ണുകൾ അത്ഭുതത്തിൽ നിശ്ചലമായി. ഭൂമിക്കടിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റതുപോലെ ആയിരക്കണക്കിന് സൈനികർ! നിരനിരയായി അണിനിരന്ന യോദ്ധാക്കൾ, കുതിരകൾ, രഥങ്ങൾ — എല്ലാം മണ്ണിൽ തീർത്തവ. എന്നാൽ ഓരോ മുഖവും വ്യത്യസ്തം. ഏകദേശം 8,000-ത്തോളം സൈനികരുണ്ടെങ്കിലും, ഇവരിൽ ഓരോരുത്തരുടെയും മുഖഭാവങ്ങൾ, കേശാലങ്കാരങ്ങൾ വസ്ത്രധാരണം, ഉയരം എന്നിവ തികച്ചും വ്യത്യസ്തമാണ്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ പോലും ഇവരിൽ രണ്ടുപേരുടെ മുഖങ്ങൾ ഒരേപോലെ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് പോലും.

ഒരേ അച്ചിൽ നിർമ്മിച്ച ശരീരഭാഗങ്ങളിൽ, വിദഗ്ധരായ തൊഴിലാളികൾ കൈകൊണ്ട് ഓരോരുത്തരുടെയും മുഖത്തെ സൂക്ഷ്മവിവരങ്ങൾ വെവ്വേറെ കൊത്തിയെടുക്കുകയാണുണ്ടായതത്രെ.
പട്ടാളക്കാരുടെ റാങ്കിനനുസരിച്ചാണ് ശില്പം മെനെഞ്ഞിരിക്കുന്നത്. ഉയരവും വസ്ത്രങ്ങളും അവരുടെ പദവികളെ (ഉദാഹരണത്തിന്: ജനറൽമാർ, ഉദ്യോഗസ്ഥർ, കാലാൾപ്പട, അമ്പെയ്ത്തുകാർ) സൂചിപ്പിക്കുന്നു. ജനറൽമാർക്കാണ് ഏറ്റവും ഉയരം. ഇവരുടെ ശരാശരി ഉയരം 5 അടി 11 ഇഞ്ചും (1.8 മീറ്റർ) ചിലരുടെ ഉയരം 6 അടി 3 ഇഞ്ചും (1.9 മീറ്റർ) ആണ്.കളി മണ്ണിൽ തീർത്ത പ്രതിമകളാണെങ്കിലും യഥാർത്ഥ യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന അമ്പുകൾ, വില്ലുകൾ, ഈട്ടികൾ, വാളുകൾ എന്നിവയാണ് ഇവരുടെ കൈകളിൽ ഉണ്ടായിരുന്നത്.
കാലാൾപ്പട, അമ്പെയ്ത്തുകാർ (സ്റ്റാൻഡിങ്, നീലിങ്), കുതിരപ്പടയാളികൾ, തേരാളികൾ, ജനറൽമാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി, യഥാർത്ഥ യുദ്ധസന്നാഹത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവയെ ഒരുക്കിയിരിക്കുന്നത്. കളിമൺ പ്രതിമകൾ മാത്രമായിരുന്നില്ല ഇവ. നിർമ്മാണ സമയത്ത് ഇവരുടെ കൈകളിൽ വെങ്കലം കൊണ്ട് നിർമ്മിച്ച യഥാർത്ഥ വാളുകൾ, കുന്തങ്ങൾ, വില്ലുകൾ എന്നിവ പിടിപ്പിച്ചിരുന്നു. ഇന്ന് കാണുന്നതുപോലെ ചാരനിറത്തിലല്ല ഇവ യഥാർത്ഥത്തിൽ ഉണ്ടായിരുന്നത്. പച്ച, നീല, ചുവപ്പ്, മഞ്ഞ തുടങ്ങിയ പത്തിലേറെ തിളക്കമുള്ള നിറങ്ങൾ ഇവയിൽ പൂശിയിരുന്നു. എന്നാൽ ഭൂമിക്കടിയിൽ നിന്ന് പുറത്തെടുത്തപ്പോൾ വായു തട്ടി ഈ നിറങ്ങൾ മങ്ങിപ്പോവുകയായിരുന്നു.
തുരുമ്പെടുക്കാത്ത രീതിയിൽ അക്കാലത്തുതന്നെ വെങ്കല ആയുധങ്ങളിൽ പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ചിരുന്നു. മനുഷ്യന്റെ യഥാർത്ഥ വലുപ്പത്തിലാണ് (Life-size) ഈ പ്രതിമകൾ നിർമ്മിച്ചിരിക്കുന്നതെന്നതാണ് ഏറെ സവിശേഷത. സൈനികരെ കൂടാതെ കുതിരകൾ, രഥങ്ങൾ എന്നിവയ്ക്കും ഒറിജിനൽ രൂപം തന്നെ. 1974-ൽ ചൈനയിലെ ഷിയാൻ (Xi’an) പ്രവിശ്യയിൽ കിണർ കുഴിക്കുന്നതിനിടയിലാണ് പ്രാദേശിക കർഷകർ ഈ അത്ഭുത കണ്ടെത്തൽ നടത്തിയത്. പുരാവസ്തു വകുപ്പിന്റെ വിദഗ്ധ സംഘത്തിന്റെ നിർദ്ദേശ പ്രകാരം ഏകദേശം 7 ലക്ഷത്തോളം തൊഴിലാളികൾ 38 വർഷത്തോളമെടുത്താണ്ഈ ശവകുടീരവും സൈന്യവും കണ്ടെത്തി മ്യൂസിയ രൂപത്തിൽ സജ്ജീകരിച്ചതെന്ന് ചരിത്രരേഖകൾ പറയുന്നു. കണ്ടെത്തിയതിനേക്കാൾ എത്രയോ യോദ്ധാക്കൾ മണ്ണിനടിയിൽ ‘സസുഖം ജീവിക്കുന്നുണ്ട്’ എന്നാണ് ചൈനക്കാരുടെ വിശ്വാസം.

ക്രി.മു. 210-ഓടെ മരിച്ച ചക്രവർത്തി ചിൻ ഷി ഹുവാങ് തന്റെ മരണാനന്തര ജീവിതത്തെ സംരക്ഷിക്കാനായി ഈ മഹാസൈന്യത്തെ നിർമ്മിപ്പിച്ചു എന്നാണ് ചരിത്രം. ഏകദേശം 8,000-ത്തിലധികം സൈനികപ്രതിമകളും നൂറുകണക്കിന് കുതിരകളും രഥങ്ങളും ഉള്ള
ആ വിശാലമായ കുഴിയിലേക്ക് നോക്കിനിൽക്കുമ്പോൾ, അത് ഒരു മ്യൂസിയമല്ലെന്ന് തോന്നും; മറിച്ച് ഒരു യുദ്ധഭൂമി. ചക്രവർത്തിയുടെ ആജ്ഞ കാത്ത് നൂറ്റാണ്ടുകളായി കാവൽ നിൽക്കുന്ന നിശ്ശബ്ദ സൈന്യം. അവരുടെ മൗനത്തിൽ പോലും ചരിത്രം സംസാരിക്കുന്നതായി അനുഭവപ്പെടും.
മൺപ്രതിമകളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരു വിചിത്രമായ വികാരം മനസ്സിൽ നിറയും. രാജവാഴ്ചകളും സാമ്രാജ്യങ്ങളും മനുഷ്യജീവിതവും നശ്വരമാണെങ്കിലും, മനുഷ്യന്റെ സൃഷ്ടിപരതയും സ്വപ്നങ്ങളും എത്ര അമരമാണെന്ന് അവ ഓർമ്മിപ്പിക്കുന്നു. കാലത്തിന്റെ കാറ്റും മഴയും യുദ്ധങ്ങളും കടന്നുപോയിട്ടും അവർ ഇന്നും അവിടെ നിൽക്കുന്നു — നിശ്ശബ്ദരായി, എന്നാൽ ചരിത്രത്തിന്റെ മഹാഗാഥ പറയുന്നവരായി.
1987-ൽ യുനെ സ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ സ്മാരകം പുരാവസ്തുശാസ്ത്രത്തിന്റെ മാത്രമല്ല, മനുഷ്യസൃഷ്ടിപരതയുടെ അതുല്യമായ വിജയഗാഥ കൂടിയാണ്.
ഷിയാനിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ ഒരു ചിന്ത മാത്രം ബാക്കിയായിരുന്നു:
“മണ്ണുകൊണ്ട് നിർമ്മിക്കപ്പെട്ട ഈ സൈന്യം വെറും പ്രതിമകളല്ല; രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഒരു സംസ്കാരത്തിന്റെ ആത്മാവാണ്. ചരിത്രം ചിലപ്പോൾ പുസ്തകങ്ങളിൽ മാത്രമല്ല, മണ്ണിന്റെ നിശ്ശബ്ദതയിലും എഴുതപ്പെടും.”

ഷിയാനിലെ ടെറക്കോട്ട ആർമി വെറും ശിൽപസമുച്ചയം മാത്രമല്ല; അത് പുരാതന ചൈനക്കാരുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസങ്ങളുടെയും ആത്മീയ ചിന്തകളുടെയും ശക്തമായ പ്രതീകമാണ്.
പുരാതന ചൈനയിൽ മരണം ജീവിതത്തിന്റെ അവസാനമല്ലെന്നാണ് വിശ്വസിച്ചിരുന്നത്. മരണത്തിന് ശേഷവും ആത്മാവ് മറ്റൊരു ലോകത്തിൽ ജീവിക്കുമെന്നും അവിടെ ഭൂമിയിലെപ്പോലെ സംരക്ഷണവും സേവനവും ആവശ്യമാണെന്നും അവർ കരുതി. അതിനാൽ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ശവകുടീരങ്ങളിൽ ഭക്ഷണപാത്രങ്ങൾ, ആയുധങ്ങൾ, കുതിരകൾ, സേവകർ എന്നിവയുടെ രൂപങ്ങൾ അടക്കം ചെയ്യാറുണ്ടായിരുന്നു.
ചൈനയെ ആദ്യമായി ഏകീകരിച്ച ചക്രവർത്തിയായ
ക്വിൻ ഷി ഹുആങ് മരണത്തെ അതീവമായി ഭയപ്പെട്ടിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അമരത്വം നേടാനുള്ള മാർഗങ്ങൾ തേടി അദ്ദേഹം രാജ്യത്തുടനീളം പണ്ഡിതരെയും വൈദ്യന്മാരെയും നിയോഗിച്ചു. എന്നാൽ മരണം ഒഴിവാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, മരണാനന്തര ലോകത്തും തന്റെ സാമ്രാജ്യം തുടരുമെന്ന വിശ്വാസത്തിൽ ഒരു ഭൂഗർഭ സാമ്രാജ്യം സൃഷ്ടിക്കാൻ അദ്ദേഹം ഉത്തരവിട്ടു എന്നാണ് ചരിത്രം.
ആദ്യകാലങ്ങളിൽ ചില ഭരണാധികാരികൾക്കൊപ്പം യഥാർത്ഥ സൈനികരെയും സേവകരെയും ജീവനോടെ ബലികഴിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ചിൻ കാലഘട്ടത്തിൽ അതിന് പകരമായി മൺപ്രതിമകൾ നിർമ്മിക്കുന്ന രീതിക്ക് പ്രാധാന്യം ലഭിച്ചു.
ഏകദേശം 8,000-ത്തിലധികം സൈനിക പ്രതിമകൾ, നൂറുകണക്കിന് കുതിരകൾ, രഥങ്ങൾ, ഉദ്യോഗസ്ഥർ എന്നിവ ചക്രവർത്തിയുടെ ശവകുടീരത്തിന് സമീപം സ്ഥാപിച്ചു. മരണാനന്തര ലോകത്തിൽ
ചക്രവർത്തിയെ സംരക്ഷിക്കാൻ,

ശത്രുക്കളിൽ നിന്ന് കാക്കാൻ,
സാമ്രാജ്യത്തിന്റെ മഹത്വം നിലനിർത്താൻ,
പരലോകത്തും അധികാരം തുടരുമെന്ന വിശ്വാസം പ്രകടിപ്പിക്കാൻ,
ഇവയെ നിയോഗിച്ചതാണെന്നാണു കരുതപ്പെടുന്നത്.
ചൈനീസ് സംസ്കാരത്തിൽ പൂർവികരോടുള്ള ആദരവിന് വലിയ സ്ഥാനമുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിൽ ഒരു ആത്മീയബന്ധം നിലനിൽക്കുന്നു എന്ന ആശയം അക്കാലത്ത് ശക്തമായിരുന്നു. ടെറാക്കോട്ട വാര്യേഴ്സ് ഈ വിശ്വാസത്തിന്റെ രാജകീയ രൂപമാണ്. ശവകുടീരം ഒരു കല്ലറ മാത്രമല്ല, മറ്റൊരു ലോകത്തിലേക്കുള്ള വാതിലാണ് എന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിൽ.
വിശ്വാസവും കലയും ഒന്നിച്ചപ്പോൾ
ഓരോ സൈനികന്റെയും മുഖഭാവവും വ്യത്യസ്തമായി. ഇത് യഥാർത്ഥ മനുഷ്യരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ഗവേഷകർ കരുതുന്നു. ആത്മാവിന് പരലോകത്തും വ്യക്തിത്വം നിലനിൽക്കുമെന്ന വിശ്വാസത്തിന്റെ കലാപരമായ അവതരണമായും ഇതിനെ കാണാം.
“മണ്ണിൽ തീർത്ത സൈന്യം വെറും പ്രതിമകളല്ല;
ഒരു ചക്രവർത്തിയുടെ മരണഭയവും അമരത്വസ്വപ്നവും ചേർന്ന് രൂപം കൊണ്ട നിശ്ശബ്ദ സാമ്രാജ്യമാണ് .
ജീവനും മരണവും തമ്മിലുള്ള അതിർത്തിയിൽ കാവൽ നിൽക്കുന്ന മൺയോദ്ധാക്കൾ,
പുരാതന ചൈനയുടെ വിശ്വാസങ്ങൾ ഇന്നും ലോകത്തോട് കഥപറയുന്നു.”
അതുകൊണ്ട് ടെറാക്കോട്ട വാര്യേഴ്സും ചൈനക്കാരുടെ വിശ്വാസവും തമ്മിലുള്ള ബന്ധം മരണാനന്തര ജീവിതം, പൂർവികാരാധന, ആത്മാവിന്റെ തുടർച്ച, രാജാധികാരത്തിന്റെ നിത്യത്വം എന്നീ ആശയങ്ങളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു.
യാത്രാ നന്ദ ട്രാവൽ ഫ്യൂഷൻ പാക്കേജിൽ ചൈന സന്ദർശിക്കാനവസരം ലഭിച്ചതോടെയാണ് മുപ്പത്തി നാലംഗ സംഘത്തിൽ പെട്ട എനിക്ക് കണ്ണിനെ പോലും അവിശ്വസിക്കുന്ന തരത്തിലുള്ള ടെറാക്കോട്ട യോദ്ധാക്കളെ കാണാൻ കഴിഞ്ഞത്. സംഘാടനത്തിൽ 18 വർഷത്തെ അനുഭവ സമ്പത്തുള്ള ഷിജിൻ പറമ്പത്തായിരുന്നു ടീം മാനേജർ. ചൈനയിലേക്കുള്ള 12 യാത്രകൾ നയിച്ചതിന്റെ അനുഭവ പരിചയം അദ്ദേഹത്തിനുണ്ട്.
തുടരും….
നാളെ ടിയാൻമെൻ ചത്വരം







