ഇടുക്കി: സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. സൂര്യനെല്ലി തിരുവള്ളൂവര്‍ ഉന്നതിയിലെ മാരിമ്മാള്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സിങ്ക് കണ്ടത്തിന് സമീപം ആണ് സംഭവം. എട്ടരയോടെ കുഞ്ഞിനെ സ്‌കൂളില്‍ വിടാന്‍ കൊണ്ടുപോകുന്നതിനിടെ കാട്ടാന മുന്നില്‍ പെടുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം ആനയെ തിരിച്ചറിയാനായിലെന്നാണ് വിവരം. യുവതിയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റു. കുട്ടിയെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു. സംഭവസമയം പ്രദേശത്ത് രണ്ട് കാട്ടാനകള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വന്യജീവി ആക്രമണം പതിവായതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.







