ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ!

നാരായണന്‍ പേരിയ

പത്രോസേ, നീ പാറയാകുന്നു; നിന്നില്‍ ഞാന്‍ എന്റെ ആലയം പണിയും.

യേശുക്രിസ്തു, തന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ പത്രോസിനോട് പറഞ്ഞുവത്രെ. പത്രോസിന് ഇത് ഒരു അനുഗ്രഹമായി. ദൈവ പുത്രന്റെ ആശിര്‍വാദം.

ആ പത്രോസിന്റെ ഇരിപ്പിടത്തിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ മാര്‍പ്പാപ്പ- പോപ്പ്- ഇരിക്കുന്നത് എന്നാണ് വിശ്വാസം. വിശേഷ പദവിയിലിരിക്കുന്ന കര്‍ദ്ദിനാളന്മാര്‍ സര്‍വ്വ സമ്മതമായി തിരഞ്ഞെടുക്കുന്നത് ആരെയാണോ, ആ വ്യക്തിയാണ് പോപ്പ്. ഒരു പോപ്പ് കാലം ചെയ്താല്‍ (മരിച്ചാല്‍ എന്ന് പറയാന്‍ പാടില്ല, കാലം ചെയ്യുക- കാലഗതിയടയുക. ദിവംഗതനാകുക) ആ പദവിയിലിരിക്കേണ്ട കര്‍ദ്ദിനാളെ തിരഞ്ഞെടുക്കും. മാര്‍പ്പാപ്പ തെറ്റാവരത്താല്‍ അനുഗൃഹീതന്‍. അദ്ദേഹം പറയുന്നത് തിരുവചനം. പരമസത്യം. അത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല.

1978 ആഗസ്റ്റ് ആറാം തീയ്യതി പോള്‍ ആറാമന്‍ എന്ന മാര്‍പ്പാപ്പ കാലം ചെയ്ത ശേഷം പിന്‍ഗാമിയായി സഭാ നിയമപ്രകാരം കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് എന്ന സഭ തിരഞ്ഞെടുത്ത ഇറ്റലിക്കാരനായ ആല്‍ബിനോ ലൂചിയാനി ജോണ്‍പോള്‍ ഒന്നാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയുടെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടു. അദ്ദേഹം സ്ഥാനമേറ്റ് മുപ്പത്തിമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ 1978 സെപ്തംബര്‍ 29-ാം തീയ്യതി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചതായി കാണപ്പെട്ടു.സിസ്റ്റര്‍ വിന്‍സെന്‍ഷ്യ എന്ന പരിചാരികയാണ് അതിരാവിലെ 4.45 മണിക്ക് മാര്‍പ്പാപ്പയെ ആ നിലയ്ക്ക് കണ്ടത്. സിസ്റ്റര്‍ മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന പലതും സംശയകരമായ പലകാര്യങ്ങള്‍.
അധികാരമേറ്റ് മുപ്പത്തിമൂന്നാം ദിവസം കാലഗതി പ്രാപിക്കുക എന്നതിലല്ല അസാധാരണത്വം. 1605ല്‍ പോപ്പ് മെഡിചി ലിയോ പതിനൊന്നാമന്‍ അധികാരമേറ്റ് പതിനേഴാം ദിവസം എന്നെന്നേയ്ക്കുമായി കണ്ണടച്ചു.

പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്റെ അന്ത്യം- അതിനെ വലയം ചെയ്തിട്ടുള്ള രഹസ്യങ്ങള്‍- അനാവരണം ചെയ്യുന്ന ഒരു ഗ്രന്ഥം പില്‍ക്കാലത്ത് പുറത്ത് വന്നു. ബ്രിട്ടീഷ് കത്തോലിക്കനായ ഡേവിഡ് യെല്ലോപ്പിന്റെ ദൈവനാമത്തില്‍ (ഇന്‍ഗോഡ്‌സ് നെയിം) എന്ന ഗ്രന്ഥം. ഒരു മാഫിയാ മോഡല്‍ ഗൂഢാലോചനയുടെ ഫലമായി ജോണ്‍പോള്‍ ഒന്നാമന്‍ വധിക്കപ്പെട്ടു എന്ന് യെല്ലോപ്പ് സമര്‍ത്ഥിക്കുന്നു. സഭാ നേതൃത്വത്തിന് നേരിട്ട് തന്നെ പങ്കുള്ള ഒരു വലിയ ഗൂഢാലോചനയുടെ വിവരങ്ങള്‍ ആ ഗ്രന്ഥത്തിലുണ്ട്.

ജീവന്‍ നഷ്ടപ്പെട്ട നിലയില്‍ പോപ്പിനെ ആരാണ് ആദ്യം കണ്ടത് എന്ന കാര്യം തന്നെ മറച്ചു വെയ്ക്കപ്പെട്ടിരിക്കുന്നു. പോപ്പിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ല. പലരും ആവശ്യപ്പെട്ടിട്ടും ഉന്നതാധികാരികള്‍ അതിന് തയ്യാറായില്ല. പരമപിതാവിന്റെ മൃതദേഹം കീറി മുറിക്കാന്‍ പാടില്ല എന്ന പഴഞ്ചന്‍ വിശ്വാസത്തിന്റെ പേരില്‍. രക്ത സംക്രമണം, ബോധ രഹിത ഔഷധങ്ങളുടെ പ്രയോഗം- കുത്തിവെയ്പ് ഇവ പോലും- ഒരു കാലത്ത് വിലക്കപ്പെട്ടിരുന്നു. പിന്നീട് കാലാന്തരത്തില്‍ എല്ലാം മാറിയില്ലേ? പോസ്റ്റ് മോര്‍ട്ടത്തിന്റെ കാര്യം തന്നെയെടുക്കാം. 1830 നവമ്പര്‍ 30 ന് പോപ്പ് പീയൂസ് എട്ടാമന്‍ കാലം ചെയ്തു. ചില സംശയങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. രേഖയുണ്ട് അതിന്.

അതുകൊണ്ടായിരിക്കാം; മറ്റൊരു ന്യായം കണ്ടു പിടിച്ചത്. സഭയുടെ സല്‍പ്പേര്! ഒരു കര്‍ദിനാള്‍ പറഞ്ഞുപോലും. മരുന്ന് അളവില്‍ കൂടുതല്‍ കഴിച്ചതുകൊണ്ടാണ് ദുരന്തം സംഭവിച്ചത് എന്ന്! പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ അത് വെളിപ്പെടും. അബദ്ധം പറ്റി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. ആത്മഹത്യ എന്ന് ചിലര്‍ കരുതിയേക്കും. കൊലപാതകം എന്നും സംശയിച്ചേക്കും!

ഒക്ടോബര്‍ 3-ാം തീയ്യതി വൈകുന്നേരം ഒരു സംഘം ഡോക്ടര്‍മാര്‍ പോപ്പിന്റെ മൃതദേഹം പരിശോധിക്കുകയുണ്ടായത്രേ. വത്തിക്കാനിലെ ഉന്നതാധികാരികളുടെ സാന്നിധ്യത്തില്‍. അതെന്തിന്? തൃപ്തികരമായ വിശദീകരണമില്ല.

മൃതദേഹം അടക്കം ചെയ്ത ശേഷവും വിവാദം തുടര്‍ന്നു. ശരിയായ അന്വേഷണം നടത്തണമെന്ന് സില്‍വിയാ ക്രിസ്ത്യാന എന്ന സംഘടന വത്തിക്കാന്‍ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു. പക്ഷേ…

പോപ്പിനെ വിഷം കൊടുത്ത് കൊന്നതാണ്- യെല്ലപ്പോ(ഇന്‍ ദ നെയിം ഓഫ് ഗോഡ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്) പറഞ്ഞു. താന്‍ കണ്ടെത്തിയ തെളിവുകളും നിരത്തി, ഫലമുണ്ടായില്ല.

വത്തിക്കാന്‍ ബാങ്കിന്റെ ഇടപാടുകളില്‍ നടന്ന ചില തിരിമറികള്‍ സംബന്ധിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് പോപ്പ് അന്വേഷണം ആവശ്യപ്പെട്ടിരുന്നുപോലും. തങ്ങളുടെ കള്ളത്തരങ്ങള്‍ വെളിപ്പെട്ടാല്‍ പ്രതിക്കൂട്ടിലായേക്കുമെന്ന് ഭയപ്പെട്ട കള്ളത്തിരുമാലികള്‍ അതൊഴിവാക്കാനായി പോപ്പിനെ… സി ഐ എ എന്ന അമേരിക്കന്‍ ചാര സംഘടനയുടെ കരങ്ങള്‍ ഇതിന്റെ പിന്നില്‍ – എന്നും സംശയം. ജോണ്‍ പോള്‍ ഒന്നാമനെ അമേരിക്കയ്ക്ക് ഇഷ്ടമായിരുന്നില്ലത്രേ.ലാറ്റിനമേരിക്കന്‍ കാര്യങ്ങളില്‍ പോപ്പിന്റെ നിലപാട് അമേരിക്കയെ അരിശം കൊള്ളിച്ചിരുന്നു.

നാല്പത്തെട്ട് കൊല്ലം മുമ്പ് നടന്ന ദുരന്തത്തിന് ഇപ്പോള്‍ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ശ്രദ്ധിക്കണം. ഇതാ ചിലത്: ഇടത് പക്ഷ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് പോപ്പ് അവസാനിപ്പിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. തനിക്ക് ഇഷ്ടപ്പെടാത്തവരെല്ലാം ഇടത് പക്ഷ തീവ്രവാദികള്‍ വലിയ വോട്ടു നല്‍കി ജനം തിരഞ്ഞെടുത്തത് എന്തിനാണോ, ആ ജോലി ചെയ്യുന്ന യു എസ് പ്രസിഡണ്ടായ എന്നെ വിമര്‍ശിക്കുന്ന പോപ്പിനെ അമേരിക്കക്കാര്‍ക്ക് വേണ്ടാ. ഞാനാണ് ലിയോവിനെ വത്തിക്കാനിലെത്തിച്ചത്. രാഷ്ട്രീയക്കാരനാകാന്‍ നോക്കാതെ നല്ല മാര്‍പ്പാപ്പ ആകാന്‍ ശ്രമിക്കുക. സഭാ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കാനും സാമാന്യ ബുദ്ധി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ട്രംപ് മാര്‍പ്പാപ്പയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചരിത്രം ആവര്‍ത്തിക്കുമോ? നാല്പത്തെട്ട് കൊല്ലം മുമ്പ് വത്തിക്കാനില്‍ സംഭവിച്ച ദുരന്തം? കാത്തിരിക്കാം ജാഗ്രതയോടെ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page