തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍മാത്രം. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത വകുപ്പ് മന്ത്രി സി പി ജോണും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
യു ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര. ഇത് നടപ്പിലാക്കുന്നത് കെ എസ് ആര്‍ ടി സിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് വിഷയത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര പരീക്ഷണാടിസ്ഥാനത്തില്‍ ഏർപ്പെടുത്താമെന്ന ധാരണ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.
പ്രായഭേദമോ, വരുമാനമോ പരിഗണിക്കാതെ ഓര്‍ഡിനറി ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിക്കാനാണ് ധാരണ. ആദ്യത്തെ 100 ദിവസത്തെ പരീക്ഷണത്തിനു ശേഷം സൗജന്യ യാത്ര മറ്റു ബസുകളിലേയ്ക്കും വ്യാപിപ്പിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും ചര്‍ച്ചയില്‍ ധാരണയായി.







