കോഴിക്കോട്: തൂണേരിയില്‍ മുള്ളന്‍പന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമ്യയ്ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി തൂണേരി ബാലവാടി ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്. ഓട്ടോയ്ക്ക് കുറുകെ ഒരു മുള്ളന്‍പന്നി പെട്ടെന്ന് ചാടുകയായിരുന്നു. പന്നിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിലേക്ക് മറിഞ്ഞു. സാരമായി പരിക്കേറ്റ രജിലേഷിനെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍പും സമാനമായ രീതിയില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.







