നാട്ടുകാര്‍ക്ക് ആശ്രയമായിരുന്ന ചെറുപുഴ-കാസര്‍കോട് സ്വകാര്യ ബസ് മുന്നറിയിപ്പില്ലാതെ മുടങ്ങുന്നതായി പരാതി; യാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: ചെറുപുഴ-ചീമേനി-കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന സ്വകാര്യ ബസ് ട്രിപ്പ് മുടക്കുന്നതും സമയം പാലിക്കാതെ ഓടുന്നതും സ്ഥിരം യാത്രക്കാരുള്‍പ്പെടെ നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വര്‍ഷങ്ങളായി കൃത്യ സമയത്ത് മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയിരുന്ന ഈ ബസ് മലയോര നിവാസികള്‍ക്കു ജില്ലാ ആസ്ഥാനത്ത് എത്താനും തിരിച്ചു പോവാനുമുള്ള സ്ഥിരം സര്‍വ്വീസ് ബസായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബസ് ഇടക്കിടക്ക് സര്‍വ്വീസ് മുടക്കുന്നതും കൃത്യസമയം പാലിക്കാത്തതും സ്ഥിരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് രൂക്ഷമാക്കുന്നു.
ചെറുപുഴയില്‍ നിന്നു ദിവസം മൂന്നു ട്രിപ്പാണ് ഈ ബസ് കാസര്‍കോട്ടേക്ക് ഓടുന്നത്. രാവിലെ 9 മണിക്ക് കാസര്‍കോട്ട് എത്തുന്ന നിലയിലായിരുന്നു ഈ ബസ് സര്‍വ്വീസ് നടത്തിയിരുന്നത്. മലയോര പ്രദേശങ്ങളില്‍ നിന്നു ജില്ലാ ആസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ബസ് വലിയ സഹായമായിരുന്നു. അതു പോലെ വൈകിട്ട് ഓഫീസ് വിടുന്ന സമയത്ത് കാസര്‍കോട് നിന്നു തിരിച്ചും ഈ ബസ് കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നതിനാല്‍ ഈ ബസിന് നിരവധി സ്ഥിരം യാത്രക്കാര്‍ ഉണ്ട്. ബസ് സര്‍വ്വീസ് താളം തെറ്റിയത് ഈ യാത്രക്കാരെ വിഷമിപ്പിക്കുന്നു. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ബുദ്ധിമുട്ട് നേരിടുന്നു.
ജില്ലയുടെ അതിര്‍ത്തി പ്രദേശത്തുള്ള സാധാരണ ജനങ്ങളും വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു ജില്ലാ ആസ്ഥാനത്തു വരുന്നതും പോവുന്നതും ഇതേ ബസിലായിരുന്നു. രാവിലെ ഈ ബസില്‍ കാസര്‍കോട്ടെത്തി അതേ ബസില്‍ പോകാന്‍ കാത്തുനില്‍ക്കുന്നവര്‍ പലപ്പോഴും ബസില്ലാതെ വഴിയില്‍ കുടുങ്ങുന്നതായും പരാതിയുണ്ട്.
നാട്ടുകാരുടെ ഗതാഗത ആവശ്യം നിറവേറ്റിയിരുന്ന ബസിന്റെ ഉടമ അടുത്തകാലത്ത് ഇത് മറ്റൊരാള്‍ക്കു ആറുമാസത്തേക്ക് വാടകക്ക് കൊടുത്തിരിക്കുകയാണെന്നു പറയുന്നു. ബസ് സര്‍വ്വീസുമായി ബന്ധമില്ലാത്ത പുതിയ ബസ് നടത്തിപ്പുകാരന്‍ ബസ് ഏറ്റെടുത്ത ശേഷമാണ് സര്‍വ്വീസ് താളം തെറ്റിയതെന്നു പറയുന്നു.
ഈ സാഹചര്യത്തില്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ പുതിയ പെര്‍മിറ്റ് നല്‍കുകയോ അല്ലെങ്കില്‍ ഇതേ സമയക്രമത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഏര്‍പ്പെടുത്തുകയോ വേണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page