കാസര്‍കോടിന് ഇന്നലെ കറുത്ത ശനിയാഴ്ച: മതില്‍ ഇടിഞ്ഞും സെപ്റ്റിക് ടാങ്കിനു എടുത്ത കുഴിയില്‍ വീണും മരിച്ചത് മൂന്നു കുട്ടികള്‍;അഡൂരും മധൂരും കണ്ണീരില്‍

കാസര്‍കോട്: കാസര്‍കോടിന് ഇന്നലെ കറുത്ത ശനിയാഴ്ച. മതില്‍ ഇടിഞ്ഞു വീണും സെപ്റ്റിക് ടാങ്കിനു വേണ്ടിയെടുത്ത കുഴിയില്‍ വീണും മൂന്നു കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു. ഇരു സംഭവങ്ങളും നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.


ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ആദ്യത്തെ ദുരന്തം ദേലംപാടി പഞ്ചായത്തിലെ അഡൂര്‍, സഞ്ചക്കടവ്, പെലമര്‍വയിൽ ഉണ്ടായത്. പുതുതായി പണിത വീടിന്റെ കല്‍മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പെലമര്‍വ അബൂബക്കറിന്റെ മക്കളായ പി മുസമ്മില്‍ (14), പി മുഹമ്മദ് മുന്‍സീര്‍ (10) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് വാഹീഷി(14)നു ഗുരുതരമായി പരിക്കേറ്റു. കുട്ടി, ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ മഴ കാരണം ശനിയാഴ്ച സ്‌കൂളിനു അവധിയായിരുന്നു. അതിനാല്‍ താല്‍ക്കാലികമായി തയ്യാറാക്കിയ കടയില്‍ മിഠായി വില്‍ക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് ദുരന്തമെത്തിയത്. രണ്ടുമാസം മുമ്പ് ഗൃഹപ്രവേശനം നടന്ന വീടിന്റെ കല്‍മതില്‍ ഇടിഞ്ഞു താല്‍ക്കാലികമായി തയ്യാറാക്കിയ കടയുടെ മുകളില്‍ വീഴുകയായിരുന്നു.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുട്ടികളെ ഉടന്‍ പുറത്തെടുത്തു മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ടുപേരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജനറല്‍ ആശുപത്രി മേര്‍ച്ചറിയിലേയ്ക്ക് മാറ്റി. രാത്രിയില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
സൗദയാണ് മരിച്ച കുട്ടികളുടെ മാതാവ്. മുംതസീര്‍, മുബഷീറ എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.
മധൂര്‍, മഞ്ചത്തടുക്കയിലെ അഹമ്മദ് സാജിദിന്റെ മകന്‍ മുഹമ്മദ് അയാന്‍ സാസിം (6) ആണ് സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുന്നതിനു വേണ്ടിയെടുത്ത കുഴിയില്‍ വീണു മരിച്ചത്.
വൈകിട്ടോടെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നു 100 മീറ്റര്‍ ദൂരെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു സമീപത്ത് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുഴിയിലെ വെള്ളത്തില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ആസ്യുമ്മയാണ് മുഹമ്മദ് അയാന്‍ സാസിമിന്റെ മാതാവ്. ഏഴുമാസം പ്രായമായ യസീം സാഹിദ് സഹോദരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page