തറ ചികിത്സ വേണ്ട

ഡോ.സി.എം. കായിഞ്ഞി

ഗവണ്മെന്റ് ആശുപത്രിയിൽ നിലത്തു കിടത്തിയുള്ള ചികിത്സ വേണ്ടെന്ന പുതിയ ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ മുഴുവൻ ജനങ്ങളും കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇതു കേൾക്കുമ്പോൾ പലർക്കും തോന്നിയത്, സർക്കാർ ഡോക്ടർമാർ അവിടെ വരുന്ന രോഗികൾക് ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് നിലത്തു കിടത്തി ചികിൽസിക്കുന്നതെന്നാണ്.നമ്മുടെ സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ എണ്ണവും പരിഗണിച്ചു നോക്കിയാൽ നാലിരട്ടിയിൽ കൂടുതൽ രോഗികളാണ് ദിവസവും ചികിത്സക്കെത്തുന്നത്.സർക്കാർ ആശുപത്രിയിൽ നിലവിലുള്ള കിടക്കകളുടെ എണ്ണത്തിൽ കൂടുതൽ ആളുകൾ ചികിത്സക്കെത്തിയാൽ നിലത്തു കിടത്തി ചികിൽസിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി വരുന്ന പാവപ്പെട്ട രോഗികൾ വരുന്നത് സുഖചികിത്സക്ക് വേണ്ടിയല്ല. എ സി യും കട്ടിലുമില്ലെങ്കിലും തറയിൽ കിടത്തി ചികിൽസിച്ചാൽ മതി ഡോക്ടറെ എന്ന് പറഞ്ഞാണവർ തറയിൽ കിടക്കുന്നത്. തറയിൽ കിടന്നാലും, കട്ടിലിൽ കിടന്നാലും പോക്കറ്റ് കാലിയാവാതെ രോഗം മാറിയാൽ മതി എന്ന ചിന്തയേ അവർക്കുള്ളു.സ്വകാര്യ ആശുപത്രിയിൽ പോയി ചികിൽസിക്കാത്തത് കയ്യിൽ ഭീമമായ തുകയില്ലാത്തത് കൊണ്ടാണ്. ദിവസ ക്കൂലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാങ്ങില്ലാത്ത പാവം മനുഷ്യരുടെ ഗതികേട് കൊണ്ടാണ്.മന്ത്രി പറഞ്ഞത് കേട്ട് നിലവിലുള്ള കിടക്കകളിൽ മുഴുവൻ രോഗികളായാൽ പിന്നീടു വരുന്ന രോഗികളെ മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞയക്കാനാവില്ല. അവിടത്തെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാവും. പിന്നെയുള്ളത് സ്വകാര്യ ആശുപത്രികളാണ്. അവിടേക്ക് പറഞ്ഞയച്ചാൽ,സർക്കാർ ഡോക്ടർമാർ രോഗികളെ സ്വകാര്യ ആശുപത്രിയിൽ പറഞ്ഞയക്കുന്നു, കമ്മീഷനടിക്കുന്നു എന്നു വാർത്തകൾ വരും. ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടിയിൽ കൂടുതൽ രോഗികൾ സർക്കാർ ആശുപത്രിയിൽ ഒഴുകിയെത്തും. ഭൂരിഭാഗം രോഗികളെയും കിടക്കകളി ല്ലാത്തതിന്റെ പേരിൽ പറഞ്ഞു വിടേണ്ടി വരും.പത്ര -ദൃശ്യ- സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ വരും. ജനങ്ങളുടെ കയ്യടി നേടാൻ പ്രസ്താവന നടത്തുമ്പോൾ സർക്കാർ ആശുപത്രികളിലെ നിലവിലെ ഭൗതികസാഹചര്യവും ജീവനക്കാരുടെ കുറവും, മരുന്നുകളുടെയും, മറ്റു ഉപകരണങ്ങളുടെയും ഇല്ലായ്മയും എല്ലാം പരിഗണിച്ചു വേണമായിരുന്നു. നിലത്തു കിടത്തി ചികിൽസിച്ചാൽ, മന്ത്രിയുടെ വാക്ക് കേൾക്കാതെ ചികിൽസിച്ച ഡോക്ടറെയും സ്ഥാപന മേധാവിയെയും സസ്‌പെൻഡ് ചെയ്യും.ബെഡ് ഇല്ലെന്നു പറഞ്ഞു പുറത്തേക്ക് റെഫർ ചെയ്താൽ ഡോക്ടർക്ക് വീട്ടിൽ പോയി കാശ് കൊടുക്കാത്തത് കൊണ്ടാണെന്നോ, സ്വകാര്യ ആശുപത്രിയിൽ നിന്നു കമ്മീഷൺ അടിക്കാനാണെന്നോ സാമൂഹ്യ മാധ്യമങ്ങളിൽ ക്യാപ്സുൾ വൈറലാവും. പിന്നെ ഡോക്ടർക്കെതിരെ അന്വേഷണവും വ്യക്തിഹത്യയും.തമിഴ്നാട്ടിലെ മന്ത്രിമാരും, എം എൽ എ മാരും സർക്കാർ ആശുപത്രികളിൽ നിന്നും ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പോലെ, കേരളത്തിലും മന്ത്രിമാരും എം ൽ എ മാരും സർക്കാർ ആശുപത്രിയിൽ നിന്നും ചികിത്സ തേടണം. അപ്പോഴേ സാധാരണക്കാർ സർക്കാർ ആശുപത്രിയിൽ നേരിടുന്ന ദുരിതം നേരിട്ട് ബോധ്യപ്പെടൂ.സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന മന്ത്രിമാരും എം ൽ എ മാരും ഖജനാവിൽ നിന്നും പറ്റാതെ, ആശുപത്രി ബില്ല് സ്വന്തം പോക്കറ്റിൽ നിന്നും ചിലവാക്കുമ്പോൾ അറിയാം, സ്വകാര്യ ആശുപത്രിയിൽ പാവപ്പെട്ട പ്രജകളുടെ സാമ്പത്തിക ബുദ്ധിമുട്ട്. അപ്പോഴേ , നിങ്ങളെ വോട്ട് നൽകി വിജയിപ്പിച്ച സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളുടെ ഇല്ലായ്മയും വല്ലായ്മയും മനസ്സിലാകൂ. അതു മനസ്സിലാക്കി ആരോഗ്യമേഖലക്ക് ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തി, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു, കൂടുതൽ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തി, ഗുണമേന്മയുള്ള മരുന്നും ഉപകരങ്ങളും ആവശ്യാനരുശരണം വിതരണം ചെയ്താൽ മാത്രമേ സർക്കാർ ആശുപത്രികളിലെ തറ ചികിത്സക്ക് അന്ത്യമുണ്ടാകുകയുള്ളൂ. അതല്ലാതെ ഭരണമുന്നണി മാറിയാലോ , മന്ത്രി മാറിയാലോ ആരോഗ്യവകുപ്പ് നന്നാവില്ല. നല്ല കെട്ടിടമുണ്ടാക്കി ഉൽഘടനം ചെയ്തു അതിന്റെ ഫോട്ടോ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്തു ആരോഗ്യമേഖലയിലെ വികസനം എന്ന് പറഞ്ഞു ഭരണക്കാരായ പാർട്ടിക്കാർ ആഘോഷമാക്കും. പുതിയ കെട്ടിടത്തിനകത്തു ചികിത്സക്ക്‌ ചെന്നാൽ ആവശ്യത്തിനുള്ള കട്ടിലോ കിടക്കയോ, മറ്റു ഉപകരണങ്ങളോ, പരിചരിക്കാൻ ആവശ്യമായ ജീവനക്കാരോ ഉണ്ടാവില്ല. ചികിത്സ കിട്ടാതെ ജനങ്ങൾ തിരിച്ചു പോയാൽ പ്രതിപക്ഷ പാർട്ടികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടും – ആരോഗ്യവകുപ്പിൽ ചികിത്സ ലഭിക്കുന്നില്ല.മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ ആശുപത്രികളെ റെഫെറൽ സ്ഥാപനം ആക്കി മാറ്റണം. പ്രാഥമികരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യകേന്ദ്രങ്ങളാക്കിയതോടു കൂടി പ്രൈമറി കെയർ എന്ന സങ്കല്പത്തിൽ നിന്നും മാറി രോഗ ചികിത്സാ കേന്ദ്രങ്ങൾ എന്ന അവസ്ഥയിലെത്തി. കുടുംബരോഗ്യകേന്ദങ്ങളെ തിരിച്ചു പ്രാഥമികാരോഗ്യ കേന്ദങ്ങളാക്കി മാറ്റി, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളെയും, താലൂക് ആശുപത്രികളെയും സെക്കന്ററി ചികിത്സാ കേന്ദ്രമാക്കി എല്ലാവിധ സ്പെഷ്യലിറ്റി ചികിത്സയും ലഭിക്കുന്ന ആശുപത്രിയായി മാറ്റിയാൽ ജില്ലാ – ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാൻ കഴിയും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യകേന്ദ്രമാക്കി ഉയർത്തിയപ്പോൾ സൃഷ്‌ടിച്ച അധിക തസ്തികകൾ സാമൂഹ്യആരോഗ്യ – താലൂക്ക് ആശുപത്രികളിലേക്കു പുനർ വിന്യസിപ്പിച്ചു നൽകിയാൽ അധിക തസ്തികൾ പുതുതായി സൃഷ്ടിക്കേണ്ടി വരില്ല. എല്ലാ സ്പെഷ്യാലിറ്റിയിലുമുള്ള ഡോക്ടർമാരാണ് കുടുംബരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നത്. ആർദ്രം മിഷന്റെ ഭാഗമായി മൂന്നു ഘട്ടങ്ങളിലായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. 2018 ൽ രണ്ടാം ഘട്ടവും 2020 ൽ മൂന്നാം ഘട്ടവും ഉത്തരവിറങ്ങിയിട്ടും അതിനു വേണ്ട അധിക തസ്തികൾ സൃഷ്ടിക്കാത്തതു കൊണ്ട് കുടുംബരോഗ്യകേന്ദ്രത്തിന്റെ ബോർഡും വെച്ച് പ്രാഥമികരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പാട് സ്ഥാപങ്ങൾ കേരളത്തിലുണ്ട്. എല്ലാറ്റിനും മറുപടി പണമില്ല എന്നതാണ്. ഭരണത്തിലിരിക്കുന്നവർക്ക് ആനപ്പുറത്തിരിക്കണം, വലിയ ആനപ്പിണ്ടമിടുന്നത് കാണണം. കയ്യിലാണെങ്കിൽ അണ്ണാനെ വാങ്ങാനുള്ള കാശു മാത്രമേയുള്ളൂ. വാൽകഷ്ണം :ആരോഗ്യവകുപ്പ് കെ മുരളീധരനു ലഭിക്കും എന്നറിഞ്ഞപ്പോൾ തന്നെ അദ്ദേഹം ആദ്യം പറഞ്ഞത്, തിരുവനതപുരത്ത്‌ രണ്ടാമതൊരു മെഡിക്കൽ കോളേജ് ഉണ്ടാവുമെന്നാണ്. കേരത്തിൽ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നം തിരുവനന്തപുരത്ത്‌ രണ്ടാമതൊരു മെഡിക്കൽ കോളേജില്ല എന്നതല്ല..തിരുവനന്തപുരത്തു നിലവിൽ ഒരു സർക്കാർ മെഡിക്കൽ കോളേജും രണ്ട് സ്വകാര്യ മെഡിക്കൽ കോളേജുമുണ്ട്. അതു കൂടാതെ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, SUT ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റീജിയണൽ കാൻസർ സെന്റർ എന്നിവയുമുണ്ട്. നേരത്തെ പ്രവർത്തനം തുടങ്ങിയ പാലക്കാട്‌ മെഡിക്കൽ കോളേജ്, വയനാട് മെഡിക്കൽ കോളേജ്, കോന്നി മെഡിക്കൽ കോളേജ്, ഇടുക്കി മെഡിക്കൽ കോളേജ്, കാസർകോട് മെഡിക്കൽ കോളേജ് എന്നീ മെഡിക്കൽ കോളേജുകളുടെ അപര്യാപ്തത പരിഹരിച്ച ശേഷം പോരെ പുതിയ മെഡിക്കൽ കോളേജ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page