ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത്: കേരളത്തിന്റെ പൊതു കടം 5.07 ലക്ഷം കോടി രൂപ; വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സംസ്ഥാനം നേരിടുന്നത് ഗുരുതരമായ ധനകാര്യ പ്രതിസന്ധിയാണെന്നു വ്യക്തമാക്കുന്നതാണ് ധവളപത്രം. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു.
സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നതായും ധവളപത്രത്തില്‍ പറയുന്നു. കിഫ്ബി വായ്പാ ബാധ്യത 21,000 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപ. കെ എസ് ആര്‍ ടി സിയും ജല അതോറിറ്റിയുമാണ് നഷ്ടത്തിൽ മുന്നില്‍. മെയ് 16 വരെ ട്രഷറി നീക്കിയിരിപ്പ് 2,211 കോടി രൂപയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയുടെ മേശപ്പുറത്തു വച്ച ധവളപത്രത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ/ ഡി ആര്‍ കുടിശ്ശിക ഇനത്തില്‍ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനു ഏറ്റെടുക്കേണ്ടിവന്നിട്ടുള്ളത്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ താഴ്ന്ന നിരക്കിലാണ്.
കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവും ജി എസ് ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിനു കനത്ത ആഘാതമായി. കേന്ദ്ര നികുതി വിഹിതത്തില്‍ കേരളത്തിന്റെ പങ്കുകുറയ്ക്കുന്നത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page