തിരുവനന്തപുരം: സംസ്ഥാനനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചു സി.പി.എം – സി.പി.ഐ. സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടു. സി.പി.ഐ.ക്കിപ്പോൾ പ്രതിപക്ഷ നേതൃത്വസ്ഥാനം എന്തിനാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരാഞ്ഞു. നിയമസഭയിൽ 13 എം.എൽ.എമാർ ഉണ്ടായിരുന്നപ്പോൾ പോലും സി.പി.ഐ. ഈ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ആ പാർട്ടിക്കു എട്ട് എം.എൽ.എമാരേയുള്ളു.മാത്രമല്ല, ഇടതുമുന്നണി നിയമസഭാ കക്ഷിയിൽ ഇത്രയും കാലം നേതാവ്,ഉപനേതാവ് സ്ഥാനങ്ങൾ വഹിച്ചിട്ടു ള്ളത് സി.പി.എം. ആണെന്നു അദ്ദേഹം എടുത്തു കാട്ടി. എന്നാൽ സി. .പി. എമ്മിന്റെ മുന്നണിയിലെ അപ്രമാദിത്വത്തിനു ഇനിയും വിധേയരാവാനാവില്ലെന്ന നിലപാടിൽ സി.പി. ഐ. ഉറച്ചുനിൽക്കുകയാണ്. മാത്രമല്ല,ഈ പ്രശ്നത്തിൽ ഇടതു മുന്നണി നിയമസഭാ കക്ഷി ഇതു വരെ യോഗം ചേർന്നിട്ടുമില്ല. സി.പി.ഐ. നിയമസഭയിൽ പ്രത്യേക ബ്ലോക്കായാണ് ഇരിക്കുന്നതു്. ഇടതുമുന്നണിയിലെ മറ്റു പദവികൾ വിട്ടു മാറുന്നതിനെക്കുറിച്ചും സി.പി.ഐ. ആലോചിക്കുന്നുണ്ടെന്നു സൂചനയുണ്ട്.







