തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മുങ്ങിയ ഭര്‍ത്താവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, നാലാഞ്ചിറയിലെ ഹസീന ബീവി (36)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് സുരേഷി (46) നെയാണ് തമിഴ് നാട്,ചിദംബരം റെയില്‍വെ ട്രാക്കില്‍ ഇന്ന് (വ്യാഴം) രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ സിം കാര്‍ഡിലെ അഡ്രസില്‍ നിന്നാണ് മരിച്ചത് സുരേഷ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൊലീസ് ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ഇന്നലെ (ബുധനാഴ്ച) രാവിലെയാണ് മക്കളുടെ മുന്നില്‍ വച്ച് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. മൂത്ത മകളാണ് കൊലപാതക വിവരം മണ്ണന്തല പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു.







