തൃശൂര്‍: റിമാന്റ് തടവുകാരന്റെ മരണത്തില്‍ പരാതിയുമായി കുടുംബം രംഗത്തെത്തി. പുലക്കാട്ടുകര സ്വദേശി രേഷ് ബാബുവിന്റെ(36) മരണത്തിലാണ് കുടുംബം പരാതിയുമായി എത്തിയത്. മെയ് 16 ന് മോഷണക്കുറ്റത്തിനാണ് രേഷ് ബാബുവിനെ ഈസ്റ്റ് പൊലീസ് പിടികൂടുന്നത്. പുലക്കാട്ടുകരയില്‍ വച്ച് വഴിയാത്രക്കാരന്റെ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ പിടികൂടുന്നത്. രേഷ് ബാബുവിനൊപ്പം മറ്റ് നാലുപേരും ഉണ്ടായിരുന്നു.
രണ്ടുദിവസം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രേഷ് ബാബുവിനെ പിന്നീട് റിമാന്‍ഡ് തടവുകാരനായി ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് രേഷ് ബാബുവിനെ മെയ് 26 ന് അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു രേഷ് ബാബുവെന്ന് പറയുന്നു. അതുകൊണ്ടുതന്നെ എന്തുപറ്റിയതാണെന്ന് ചോദിച്ചറിയാനും കഴിഞ്ഞില്ലെന്ന് പിതാവ് ബാബു പറഞ്ഞു. പിന്നീട് നില ഗുരുതരമാവുകയും ബുധനാഴ്ച രേഷ് ബാബുവിന്റെ മരണം സംഭവിക്കുകയും ചെയ്തു. ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റാണ് രേഷ് ബാബു മരിച്ചതെന്ന് പിതാവ് ആരോപിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് രേഷ് ബാബുവെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് പരിഗണിക്കാതെയാണ് പൊലീസ് രേഷ് ബാബുവിനെ റിമാന്‍ഡ് തടവില്‍ പാര്‍പ്പിച്ചത്.







