കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ബഹ്‌റൈനിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. സംഘര്‍ഷത്തിന് പിന്നാലെ ബഹ്‌റൈന്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
ബഹ്റൈനിലെ ജനവാസ മേഖലകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ വീണ്ടും ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് വിജയകരമായി പ്രതിരോധിച്ചു. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈന്‍ പ്രതിരോധ സേന വ്യക്തമാക്കി.
കുവൈത്തിലും ഇന്ന് ആക്രമണങ്ങള്‍ ഉണ്ടായി. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സിവിലിയന്‍, സുപ്രധാന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണ്. ആക്രമണത്തില്‍ ടി1 യാത്രാ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.







