കൊച്ചി: തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ സംഭവത്തില്‍ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ സജുമോനെയാണ് റൂറല്‍ എസ്.പി സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ അനുമതിയില്ലാതെയാണ് എ.എസ്.ഐ ബൈക്ക് വിറ്റത്. മുളന്തുരുത്തി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനാപകടക്കേസിലെ തൊണ്ടിമുതലായ ബൈക്കാണ് ഇത്. ഒന്‍പത് മാസത്തോളമായി സ്റ്റേഷന്‍ പരിസരത്ത് ഈ ബൈക്ക് സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു.
സംഭവം പുറത്തായതോടെ സ്‌പെഷല്‍ ബ്രാഞ്ച് രഹസ്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചു. വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ പൂര്‍ണ്ണമായ അറിവോടെയും സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോന്‍ പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ കേസിലെ തൊണ്ടിമുതല്‍ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നിരിക്കെ, എ.എസ്.ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്.പി എ.എസ്.ഐക്കെതിരെ നടപടി എടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.







