ഓട്ടോഡ്രൈവർ കിണറ്റിൽവീണു മരിച്ചു

തളിപ്പറമ്പ്: ഓട്ടോ ഡ്രൈവറായ യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട്,കരുവന്‍ചാല്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ കൂളാമ്പി റോഡിന് സമീപത്തെ പുളിയന്‍പറമ്പില്‍ പി.ജി.രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് (ബുധൻ) പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രാജേഷിന്റെ വീട്ടുമുറ്റം ചേര്‍ന്നാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. മരച്ചില്ലകളും ഇലകളും വീണതിനെത്തുടര്‍ന്ന് കിണര്‍ ഇന്ന് വൃത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനായി രാജേഷ് പുലര്‍ച്ചെ എഴുന്നേറ്റ് മോട്ടോര്‍ ഓൺ ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിയോ എന്നറിയുന്നതിനായി കിണറിന്റെ വക്കത്ത് എത്തി നോക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. പന്ത്രണ്ട് കോല്‍ താഴ്ചയുള്ളതാണ് കിണര്‍. വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ: എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ ആലക്കോട് പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ഓഫീസര്‍ സി.എം.പ്രവീണിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രാജേഷിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡി. കോളേജിലേക്ക് മാറ്റി. രാജേഷ് നേരത്തെ കരുവന്‍ചാല്‍ കള്ള്ഷാപ്പില്‍ ചെത്ത് തൊഴിലാളിയായും ജോലി ചെയ്തിരുന്നു. ഭാര്യ: പി.ബി.ജീബ (രയരോം). മക്കള്‍: വൈഗ, മോഹിത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതരായ ഗോപാലന്റെയും കനകമ്മയുടെയും മകനാണ്. സഹോദരന്‍: രൂപേഷ് (ഗള്‍ഫ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page