പുലര്‍ച്ചെ നടക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം; ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ത്തു; നെഞ്ചില്‍ ചവിട്ടിയതായും മുടിക്ക് കുത്തിപ്പിടിച്ചതായും പരാതി; 3 പേര്‍ പിടിയില്‍

കൊച്ചി: പുലര്‍ച്ചെ നടക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ പൊലീസ് പിടികൂടി. കൊച്ചി കലൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. കലൂരിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പന്ത്രണ്ടംഗ സംഘത്തിന്റെ അക്രമത്തിന് ഇരയായത്. സംഘത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഇതില്‍ പതിനൊന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സമീപത്തെ ഒരു കടയില്‍ വെള്ളം കുടിക്കാനായി പോകുകയായിരുന്നു അക്രമത്തിനിരയായ പെണ്‍കുട്ടികള്‍. വഴിമധ്യേ പെണ്‍കുട്ടികള്‍ക്ക് നേരെ ഒരു സംഘം അശ്ലീല കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളില്‍ ഒരാളുടെ ഫോണ്‍ തറയിലെടുത്തെറിഞ്ഞ സംഘം മുടിക്ക് കുത്തിപ്പിടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും കഴുത്തുഞെരിച്ചുവെന്നും പറയുന്നു.

പിന്നീട് പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടികള്‍ നിലവിളിക്കുകയും സംഘം അവിടെ നിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

സംഭവത്തില്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വസ്ത്രധാരണത്തെ വിമര്‍ശിച്ച പൊലീസുകാരന്‍ പുലര്‍ച്ചെ നാലുമണിക്ക് എന്തിനാണ് നടക്കാന്‍ ഇറങ്ങുന്നതെന്ന് ചോദിച്ച് പരിഹസിച്ചതായും പെണ്‍കുട്ടികള്‍ പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്ന് പേര്‍ കലൂരില്‍ വച്ച് പിടിയിലായത്. ഇവര്‍ കലൂരിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയിലാകുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page