കാഞ്ഞങ്ങാട്: ഭാര്യയെ സ്‌കൂളിലേക്ക് ബസ്സില്‍ കയറ്റിവിട്ട ശേഷം തിരിച്ചു വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.
പനത്തടി തച്ചാറക്കടവിലെ ശങ്കര്‍ ബേക്കറി ആന്റ് കൂള്‍ ബാര്‍ ഉടമയും സാമൂഹ്യ- സന്നദ്ധ -പൊതു പ്രവര്‍ത്തകനുമായ കെ എന്‍ വേണുവാണ് (52)ഇന്നുരാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. വീടിന്റെ ഒന്നാം നിലയില്‍ കയറിയ പിതാവിനെ കാണാതായതിനെത്തുടര്‍ന്നു മകള്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
വ്യാപാരി- വ്യവസായി ഏകോപന സമിതി മുന്‍ പനത്തടി യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്‌കൂള്‍ മുന്‍ പി എ പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹി തുടങ്ങി വിവിധ മേഖലകളില്‍ സജീവമായിരുന്നു. പരേതനായ നാരായണ പൊതു വാളാണ് പിതാവ്. മാതാവ്: തമ്പായി. കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കര്‍, അഞ്ജന. അധ്യയന വര്‍ഷമാരംഭിക്കുന്ന ഇന്നു രാവിലെ ഭാര്യയെ വീട്ടില്‍ നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചു സ്‌കൂളിലേക്കു യാത്രയയച്ച ശേഷമായിരുന്നു സംഭവം. വേണുവിന്റെ ആത്മഹത്യ നാട്ടില്‍ അമ്പരപ്പും ഖേദവും പ്രകടമാക്കിയിട്ടുണ്ട്.






